യുപി തെരഞ്ഞെടുപ്പ്: കര്‍ഷകര്‍ക്ക് സൗജന്യ വൈദ്യുതി; ലൗ ജിഹാദിൽ 10 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും; പ്രകടന പത്രികയുമായി ബി ജെ പി

single-img
8 February 2022

യുപിയിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന്റെ പ്രചാരണം ഇന്ന് സമാപിച്ചു. ഈ മാസം 10 വ്യാഴാഴ്ചയാണ് സംസ്ഥാനത്തെ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം നടക്കുക. 7 ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ്. ആദ്യഘട്ടത്തില്‍ പശ്ചിമ യുപിയിലെ പതിനൊന്ന് ജില്ലകളിലെ 58 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഫെബ്രുവരി 10ന് വോട്ടെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പ് മുൻനിർത്തി ഭരണകക്ഷിയായ ബിജെപി പ്രകടനപത്രിക പുറത്തിറക്കി.

സംസ്ഥാനത്തെ യുവാക്കള്‍ക്ക് ജോലി, കര്‍ഷകര്‍ക്ക് സൗജന്യ വൈദ്യുതി, ലൗ ജിഹാദിന് കടുത്ത ശിക്ഷ , സ്ത്രീ സൗഹൃദ പദ്ധതികള്‍ എന്നിവ വാഗ്ദാനം ചെയ്യുന്നതാണ് ബിജെപിയുടെ യുപി തിരഞ്ഞെടുപ്പ് പ്രകടനപത്രിക.

നേരത്തെ 2017ലെ ബിജെപി പ്രകടനപത്രികയുടെ പുറം പേജില്‍ പാര്‍ട്ടിയിലെ പ്രമുഖ നേതാക്കളുടെ മുഖങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ ഇത്തവണയുള്ളത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റേയും മുഖങ്ങള്‍ മാത്രമാണ് എന്നതും ശ്രദ്ധേയമാണ്. വാഗ്ദാന പ്രകാരം ഓരോ കുടുംബത്തിലെയും ഒരാള്‍ക്കെങ്കിലും തൊഴിലിനോ സ്വയംതൊഴില്‍ അവസരങ്ങള്‍ക്കോ അവസരം നല്‍കും. മതപരിവര്‍ത്തനത്തിനായി സ്ത്രീകളെയോ പെണ്‍കുട്ടികളെയോ വശീകരിക്കുന്ന ലൗ ജിഹാദിനെതിരെ നിയമപ്രകാരം കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്ക് 10 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും ഉറപ്പാക്കുമെന്നും പത്രികയില്‍ പറയുന്നു.