സ്വര്‍ണ്ണംകെട്ടിയ രുദ്രാക്ഷമാല, റിവോൾവർ, സ്വത്തുക്കളുടെ മൂല്യം 1.54 കോടി; സത്യവാങ്മൂലത്തില്‍ യോഗിയുടെ സ്വത്ത് വിവരം

single-img
4 February 2022

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗോരഖ്പൂര്‍ സിറ്റി മണ്ഡലത്തില്‍നിന്നും നിയമസഭയിലേക്ക് മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക വെള്ളിയാഴ്ച നൽകിയിരുന്നു. നാമനിര്‍ദേശ പത്രികയ്ക്കൊപ്പം അദ്ദേഹം തന്‍റെ സ്വത്ത് വിവരങ്ങളും സമര്‍പ്പിച്ചിട്ടുണ്ട്. ഇതിൽ പറയുന്ന പ്രകാരം യോഗിയുടെ 2020-21 സാമ്പത്തിക വര്‍ഷത്തെ മൊത്തം വരുമാനം 13,20,653 രൂപയാണ്. സ്വത്തുക്കളുടെ ആകെ മൂല്യം 1.54 കോടിവരും.

ഇക്കൂട്ടത്തിൽ ആറോളം ബാങ്ക് അക്കൌണ്ടിലെ ക്യാഷ് ബാലന്‍സ് , സാംസങ്ങിന്‍റെ 12,000 രൂപ വിലയുള്ള ഫോൺ എന്നിവയും വരും. അതേസമയം, കാര്‍ഷിക ഭൂമിയോ മറ്റിതര ഭൂമിയോ മുഖ്യമന്ത്രിയുടെ പേരില്‍ ഇല്ല. ഒരു വാഹനവും ഇദ്ദേഹത്തിന്‍റെ പേരില്‍ ഇല്ല. മാത്രമല്ല, ഒരുവിധ കട ബാധ്യതകളും സ്വന്തം പേരില്‍ ഇല്ലെന്ന് യോഗി സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തി.

2019-20 കാണിച്ച വരുമാനത്തെക്കാള്‍ കുറവാണ് ഇപ്പോഴുള്ള വരുമാനം എന്നാണ് കണക്കുകള്‍ പറയുന്നത്. 2019-20 ൽ യോഗിയുടെ വരുമാനം 16,68,799 രൂപയായിരുന്നു. 2018-19 സാമ്പത്തിക വര്‍‍ഷം ഇത് 18,27,639 ആയിരുന്നുവെന്നാണ് കണക്കുകള്‍ പറയുന്നത്. സത്യവാങ്മൂലത്തില്‍ പറയുന്ന പ്രകാരം ഇദ്ദേഹത്തിന്‍റെ കാതില്‍ 20 ഗ്രാമിന്‍റെ ആഭരണം ഉണ്ട്. ഇത് വാങ്ങുന്ന സമയത്ത് 49,000 രൂപയാണ് ആയത്.

ഇതിന്റെ കൂടെ ഒരു സ്വര്‍ണ്ണംകെട്ടിയ രുദ്രാക്ഷമാലയുണ്ട് ഇതിന് വാങ്ങുന്ന സമയത്ത് 20,000 രൂപയോളം വിലയുണ്ടായിരുന്നു എന്നാണ് യോഗി സാക്ഷ്യപ്പെടുത്തുന്നത്. ഒരു ലക്ഷം ചിലവാക്കി വാങ്ങിയ ഒരു റിവോള്‍വറും, എണ്‍പതിനായിരം രൂപയ്ക്ക് വാങ്ങിയ റൈഫിളും കയ്യിലുണ്ടെന്നും യോഗി സാക്ഷ്യപ്പെടുത്തുന്നു.