യുപിയിൽ ഒവൈസിയുടെ വാഹനത്തിന് നേരെ വെടിയുതിർത്തു; ഒരാള്‍ അറസ്റ്റില്‍

single-img
3 February 2022

യുപിയിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ എഐഎംഐഎം നേതാവ് അസസുദ്ദീന്‍ ഒവൈസിക്ക് നേരെ വെടിവെപ്പുണ്ടായ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. പിടിയിലായ വെടിവെച്ചവരില്‍ ഒരാളായ ഇയാളുടെ വ്യക്തി വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല. ഇന്ന് മീററ്റിലെ തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് മടങ്ങുമ്പോഴാണ് ഒവൈസിക്ക് നേരെ ആക്രമണം ഉണ്ടായത്.

ടോള്‍ പ്ലാസയില്‍ ഒവൈസിയുടെ കാറിന് നേരെ അക്രമികള്‍ നിറയൊഴിക്കുകയായിരുന്നു. സംഭവത്തിൽ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക വിവരം. കാറിന്റെ ടയറിനും ഡോറിനുമായിരന്നു വെടിയേറ്റത്. അക്രമികളുടെ സംഘത്തിൽ ഒന്നിലേറെ പേരുണ്ടായിരുന്നുവെന്നാണ് വിവരം.

ആക്രമണം നടത്തിയ ശേഷം സംഭവ സ്ഥലത്തു നിന്ന് ഇവർ അപ്പോൾ തന്നെ രക്ഷപ്പെട്ടിരുന്നു. നിലവിൽ പ്രദേശം കനത്ത സുരക്ഷാ വലയത്തിലാണ്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.അതേസമയം, തലനാരിഴയ്ക്കാണ് ഒവൈസി രക്ഷപ്പെട്ടതെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം.