മൊഴികളിലെ വൈരുധ്യം; ചോദ്യം ചെയ്യലിനിടെ ദിലീപ് രോഷാകുലനായി ചാടിയെഴുന്നേറ്റതായി പ്രോസിക്യൂഷന്‍

single-img
2 February 2022

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ചോദ്യം ചെയ്യലിനിടെ നടന്‍ ദിലീപ് രോഷാകുലനായി ചാടിയെഴുന്നേറ്റതായി പ്രോസിക്യൂഷന്‍ കോടതിയിൽ. മുൻപ് ദിലീപ് നൽകിയിട്ടുള്ള മൊഴികളിലെ വൈരുധ്യത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് ദിലീപ് രോഷാകുലനായത്.

ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിനിടെ ചാടിയെഴുന്നേറ്റ് നിങ്ങളെന്നെ വെറുതെ കേസില്‍ പ്രതിയാക്കുകയാണെന്നും സഹകരിക്കില്ലെന്നും ദിലീപ് പറഞ്ഞതായി പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചു. സമാനമായി ദിലീപ് അന്വേഷണവുമായി സഹകരിക്കില്ലെന്ന് പ്രോസിക്യൂഷന്‍ നേരത്തേയും കോടതിയെ അറിയിച്ചിരുന്നു.

അതുകൊണ്ടുതന്നെ ദിലീപിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി മുന്‍കൂര്‍ ജാമ്യം നിഷേധിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവിയും കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ദിലീപ് ഉൾപ്പെടെയുള്ള പ്രതികള്‍ നിസഹകരിക്കുന്ന വീഡിയോ ക്ലിപ്പിംഗ് കൈയ്യിലുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

കോടതി ആവശ്യപ്പെട്ടാൽ ചോദ്യം ചെയ്യലിനോട് നിസഹകരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഹാജരാക്കും. ചോദ്യം ചെയ്യലില്‍ ആദ്യാവസാനം ഇതായിരുന്നു ദിലീപ് അടക്കമുള്ള പ്രതികളുടെ രീതിയെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. 36 മണിക്കൂര്‍ നേരമായിരുന്നു കഴിഞ്ഞ ദിവസം ക്രൈം ബ്രാഞ്ച് ദിലീപിനെ ചോദ്യം ചെയ്തത്.