അണ്ണൻ പെട്ടന്ന് വരണം, നമ്മുടെ പിള്ളേരേം വിളിച്ചോ; മോർഗൻ ഫ്രീമാന്റെ ഫേസ്ബുക്ക് പേജിൽ മലയാളികൾ

single-img
2 February 2022

വടകര സഹകരണ ആശുപത്രി സ്ഥാപിച്ച ചർമ രോഗവുമായി ബന്ധപ്പെട്ട ഒരു പരസ്യം സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസങ്ങളിൽ വൈറലായിരുന്നു. ‘അരിമ്പാറ, ഉണ്ണി, പാലുണ്ണി, സ്കിൻ ടാഗ് എന്നിവ ഓപിയിൽ വച്ചുതന്നെ വളരെ എളുപ്പത്തിൽ നീക്കം ചെയ്യുന്നു.’ എന്നായിരുന്നു ഈ പരസ്യത്തിൽ എഴുതിയിരുന്നത്. അമേരിക്കൻ ഇതിഹാസ നടനായ മോർഗൻ ഫ്രീമൻ ആണ് ചിത്രത്തിൽ ഉണ്ടായിരുന്നത്.

അന്താരാഷ്‌ട്ര തലത്തിൽ ഗോള്‍ഡന്‍ ഗ്ലോബ് അടക്കമുള്ള നിരവധി പുരസ്കാരങ്ങള്‍ വാരിക്കൂട്ടിയ അമേരിക്കന്‍ നടനും സംവിധായകനുമായ മോര്‍ഗന്‍ ഫ്രീമാന്‍റെ ചിത്രം ഈ രീതിയിൽ ഒരു പരസ്യത്തിൽ ചേർത്തതിന് സോഷ്യൽ മീഡിയ വൻവിമർശനമാണ് ഉയർത്തിയത്. എന്നാൽ കേരളത്തിൽ നടക്കുന്ന ഈ ബഹളങ്ങൾ മോർഗൻ ഫ്രീമൻ അറിയാൻ ഒരുവഴിയും ഇല്ല. പക്ഷേ മലയാളികൾ ഫ്രീമാൻ ഒന്നും അറിയാതെ പോകണ്ടല്ലോ എന്ന് കരുതി ഫ്രീമാനോട് കേരളത്തിൽ സംഭവിച്ച കാര്യങ്ങൾ അറിയിക്കാൻ ശ്രമിക്കുന്ന കാഴ്ചയാണ് ഇപ്പോൾ.

ഇതിനായി മോർഗൻ ഫ്രീമാന്റെ ഫേസ്ബുക് പേജിൽ കമന്റുകളായാണ് മലയാളികൾ എത്തുന്നത്. ‘അണ്ണാ അണ്ണന്റെ പടം വെച്ചു ഇവിടെ ചെലവന്മാർ കളിക്കുന്നുണ്ട് . അണ്ണൻ പെട്ടന്ന് വരണം . നമ്മുടെ പിള്ളേരേം വിളിച്ചോ’, ‘കേസ് കൊടുക്കണം പിള്ളേച്ചോ’- എന്നുതുടങ്ങി വളരെ രസകരമായ കമന്റുകളും മോർഗൻ ഫ്രീമാന്റെ പേജിൽ എത്തുന്നുണ്ട്. അതേസമയം, പരസ്യം സ്ഥാപിച്ച വടകര കോർപറേറ്റിവ് ആശുപത്രിക്ക് എതിരെ കേസ് എടുക്കണമെന്ന ആവശ്യവും ചിലർ ഉന്നയിച്ചിട്ടുണ്ട്.