ഇതൊരു ജനാധിപത്യ രാജ്യം; രാഷ്ട്രീയ എതിരാളികള്‍ മത്സരിക്കാതിരിക്കാന്‍ അവര്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍ അടിച്ചേല്‍പ്പിക്കരുത്: പഞ്ചാബ് സര്‍ക്കാരിനോട് സുപ്രീം കോടതി

single-img
1 February 2022

മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട് അകാലിദള്‍ നേതാവ് ബിക്രം സിംഗ് മജീദിയയെ ഈ മാസം 13 വരെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞ് സുപ്രീം കോടതി. ഇതൊരു ജനാധിപത്യരാജ്യമാണെന്നും തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ രാഷ്ട്രീയ എതിരാളികള്‍ മത്സരിക്കാതിരിക്കാന്‍ അവര്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍ അടിച്ചേല്‍പ്പിക്കരുത് എന്നും പഞ്ചാബ് സർക്കാരിനോട് സുപ്രീം കോടതി പറഞ്ഞു.

‘തെരഞ്ഞെടുപ്പിൽ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനും മത്സരിക്കാനും അവരെ അനുവദിക്കുക. പഞ്ചാബിൽ ഇപ്പോൾ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പെട്ടെന്ന് ക്രിമിനല്‍ കേസുകള്‍ ഉയര്‍ന്നുവരുന്നു, ഈ കേസുകള്‍ക്ക് പിന്നിലെ ഉദ്ദേശ്യത്തെ പറ്റി സംശയിക്കാന്‍ കാരണങ്ങളുണ്ട്,’ ജസ്റ്റിസ് എന്‍.വി രമണ പറഞ്ഞു. പി ചിദംബരമാണ് പഞ്ചാബ് സര്‍ക്കാരിനായി കോടതിയില്‍ ഹാജരായത്.

പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ സംരക്ഷണം ലഭിക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞയാഴ്ചയാണ് മജീദിയ സുപ്രീം കോടതിയെ സമീപിച്ചത്. 2004 നും 2015 നും ഇടയില്‍ നടന്നുവെന്ന് ആരോപിക്കപ്പെടുന്ന കേസില്‍ എന്‍.ഡി.പി.എസ് ആക്ട് പ്രകാരം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത് കഴിഞ്ഞ ഡിസംബര്‍ 20 ന് ആയിരുന്നു.