സിപിഎം അന്താരാഷ്‌ട്ര ഘടകം എഐസിയുടെ സമ്മേളനം ലണ്ടനിൽ; പൊതുസമ്മേളനം സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും

single-img
29 January 2022

ഇന്ത്യയിൽ അടുത്ത മാസം നടക്കാനിരിക്കുന്ന 23-ാം പാർട്ടി കോൺഗ്രസിനു മുന്നോടിയായി ലണ്ടനിൽ അന്താരാഷ്ട്ര സമ്മേളനം നടത്തുന്നു. സിപിഎമ്മിന്റെ അന്താരാഷ്ട്ര ഘടകമായ അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ്‌സ്(എഐസി)യുടെ നേതൃത്വത്തിലാണ് ലണ്ടനിലെ ഹീത്രൂവിൽ വരുന്ന അഞ്ച്, ആറ് തിയതികളിൽ സമ്മേളനം നടക്കുന്നത്. ഫെബ്രുവരി അഞ്ചിനു നടക്കുന്ന പൊതുസമ്മേളനം സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും.

എഐസിയുടെ 19-ാം ദേശീയ സമ്മേളനത്തിനു മുന്നോടിയായി ലണ്ടനിൽ ഇന്ന് പതാകജാഥ നടന്നു. ജനുവരി 22ന് കമ്മ്യൂണിസ്റ്റ് ആചാര്യൻ കാൾ മാർക്‌സിന്റെ ഹൈഗേറ്റ് സെമിത്തേരിയിലുള്ള ശവകുടീരത്തിൽനിന്നാണ് യാത്രയ്ക്ക് തുടക്കം കുറിച്ചത്. മാർക്സിന്റെശവകുടീരത്തിനടുത്ത് നടന്ന ചടങ്ങിൽ എഐസി ബ്രിട്ടൻ-അയർലൻഡ് സെക്രട്ടറി ഹർസേവ് ബെയിൻസ് പതാക സമ്മേളന സ്വാഗതസംഘം കൺവീനർ രാജേഷ് കൃഷ്ണയ്ക്ക് കൈമാറി. അവിടെ നിന്നും പദയാത്രയായി പുറപ്പെട്ട് പതാക മാർക്സ് മെമ്മോറിയൽ ലൈബ്രറിയിലും ഇവിടെനിന്ന് ഹീത്രുവിലെ സമ്മേളന നഗരിയിലുമെത്തിച്ചു.