രണ്ടാം ദിവസം ചോദ്യം ചെയ്യല്‍: ദിലീപ് ക്രൈം ബ്രാഞ്ച് ഓഫീസില്‍ ഹാജരായി

single-img
24 January 2022

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപ് ഇന്ന് രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിന് കളമശേരിയിലെ ക്രൈം ബ്രാഞ്ച് ഓഫീസിൽ ഹാജരായി. ഇന്ന് അന്വേഷണ ഉദ്യോഗസ്ഥർ ദിലീപിനെയും സഹോദരന്‍ അനൂപിനെയും സഹോദരീ ഭര്‍ത്താവ് സൂരജിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും.

കഴിഞ്ഞ ദിവസം ദിലീപ് ഉള്‍പ്പടെയുള്ള കേസിലെ പ്രതികളുടെ ആദ്യ ദിവസത്തെ ചോദ്യം ചെയ്യല്‍ 11 മണിക്കൂര്‍ നീണ്ടുനിന്നിരുന്നു. ദിലീപ് ചോദ്യം ചെയ്യലുമായി സഹകരിച്ചുവെന്നാണ് ക്രൈം ബ്രാഞ്ച് നല്‍കുന്ന വിവരം. അതേസമയം ദിലീപ് ഉള്‍പടെയുള്ള പ്രതികള്‍ നല്‍കിയ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നാണ് ക്രൈം ബ്രാഞ്ചിന്റെ പ്രാഥമികമായ വിലയിരുത്തല്‍. അതിനാൽ സമാനമായ കാര്യങ്ങള്‍ പരിഗണിച്ചായിരിക്കും ഇനിയുള്ള ദിവസങ്ങളിലെ ചോദ്യം ചെയ്യല്‍ തുടരുക. ദിലീപിന് പുറമെ സഹോദരൻ അനൂപ്, സൂരജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.