വിസ്മയയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന് പ്രചരിപ്പിക്കാന്‍ ശ്രമം; ഭർത്താവ് കിരണിന് എതിരെ തെളിവായി സ്വന്തം ഫോൺ റെക്കോർഡുകൾ

single-img
22 January 2022

കൊല്ലം ജില്ലയിൽ ഗാർഹിക പീഡനത്തെ തുടർന്ന് വിസ്മയ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് കിരണിന് എതിരെ തെളിവായി സ്വന്തം ഫോൺ റെക്കോർഡുകൾ. വിസ്മയയുടെ കുടുംബം സ്ത്രീധന പീഡന പരാതി നല്‍കിയാല്‍ വിസ്മയയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന് പ്രചരിപ്പിക്കാന്‍ ഭര്‍ത്താവ് കിരൺ തീരുമാനിച്ചിരുന്നുവെന്നതിന് തെളിവ് പൊലീസിന് ലഭിച്ചു.

വിസ്മയയുടെ ഭര്‍ത്താവായിരുന്ന കിരണും കിരണിന്‍റെ അളിയന്‍ മുകേഷും തമ്മില്‍ നടന്ന ഫോണ്‍ സംഭാഷണമാണ് പ്രോസിക്യൂഷന്‍ വിചാരണ കോടതിയില്‍ ഹാജരാക്കിയത്. ഈ തെളിവുകൾ ഉൾപ്പെടെ കിരണിന്‍റെ ഫോണിന്‍റെ ശാസ്ത്രീയ പരിശോധനയില്‍ ലഭിച്ച സംഭാഷണങ്ങള്‍ കേസില്‍ നിര്‍ണായക തെളിവായി മാറുകയാണ്.

കേസിൽ കൊല്ലത്തുള്ള വിചാരണ കോടതിയില്‍ വിസ്മയയുടെ അമ്മയെ വിസ്തരിക്കുമ്പോഴാണ് പ്രോസിക്യൂഷന്‍ഈ നിര്‍ണായക തെളിവ് ഹാജരാക്കിയത്. സ്ത്രീധനത്തിനായി കിരണ്‍ വിസ്മയയെ ആസൂത്രിതമായി പീഡിപ്പിക്കുകയായിരുന്നുവെന്ന വാദത്തിനു തെളിവായാണ് പ്രോസിക്യൂഷന്‍ ഈ ഫോണ്‍ സംഭാഷണം ഹാജരാക്കിയത്.

ഇതോടൊപ്പം വിസ്മയയുടെ വീട്ടില്‍ വച്ച് താന്‍ വിസ്മയയെ മര്‍ദിച്ചു എന്ന കാര്യം കിരണ്‍ തന്നെ സഹോദരി ഭര്‍ത്താവിനോട് വെളിപ്പെടുത്തുന്ന ഫോണ്‍ സംഭാഷണവും കോടതിക്ക് മുന്നില്‍ അന്വേഷണ സംഘം എത്തിച്ചു.