ഹരിത വിവാദം; ലീഗ് നേതൃത്വത്തെ വിമർശിച്ച മൂന്ന് എംഎസ്എഫ് നേതാക്കൾക്ക് സസ്‌പെൻഷൻ

single-img
14 January 2022

ഹരിത വിവാദത്തിൽ എംഎസ്എഫ് നേതാക്കൾക്കെതിരെ കടുത്ത നടപടിയുമായി മുസ്ലിം ലീഗ് നേതൃത്വം. സംഘടനയുടെ ജോയിന്റ് സെക്രട്ടറി കെഎം. ഫവാസ്, മുന്‍ ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂര്‍, പ്രവര്‍ത്തകസമിതിയംഗം കെവി ഹുദൈഫ് എന്നിവരെ മുസ്ലിം ലീഗിന്റെയും പോഷക സംഘടനകളുടെയും പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തു.

ലീഗ് നേതൃത്വത്തിനെതിരായ വിമർശനങ്ങൾക്ക് പിന്നാലെയാണ് ഇവർക്കെതിരെ നടപടി. ഇവർ ഗുരുതര അച്ചടക്ക ലംഘനം നടത്തിയെന്ന് കാണിച്ചാണ് സസ്‌പെൻഷൻ നൽകിയിട്ടുള്ളത്. ഇതേ കാരണത്താൽ നേരത്തെ ലത്തീഫ് തുറയൂരിനെ എംഎസ്എഫിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്ന് മാറ്റിയിരുന്നു.

ഈ നടപടിക്ക് പിന്നാലെ ഇന്നലെ വാർത്താ സമ്മേളനം നടത്തിയ ലത്തീഫ്, മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം ഉൾപ്പടെയുള്ളവർക്കെതിരെ രൂക്ഷ വിമർശനമാണ് ഉയർത്തിയത്. വനിതാ സംഘടനയായ ഹരിതയുമായി ബന്ധപ്പെട്ട വിവാദത്തിൽ എംഎസ്എഫിന്റെ മിനിട്ട്സ് തിരുത്താൻ പിഎംഎ സലാം ആവശ്യപ്പെട്ടിരുന്നു. എന്നാൽ താനതിന് തയ്യാറായിരുന്നില്ലെന്നായിരുന്നു ലത്തീഫ് വാർത്താസമ്മേളനത്തിൽ പറഞ്ഞത്.

വനിതാ നേതാക്കൾ നൽകിയ പരാതിയിൽ മിനിട്ട്സ് ഹാജരാക്കാൻ ആവശ്യപ്പെട്ട് പൊലീസ് ഇപ്പോഴും തനിക്ക് പിന്നാലെയാണ്. പക്ഷെ മിനിട്ട്സ് ഇപ്പോൾ ഉള്ളത് നേതാക്കളുടെ കയ്യിലാണ്. ഒറിജിനൽ മിനിട്ട്സിനു പകരം തിരുത്തിയതാണ് പൊലീസിന് നൽകുന്നതെങ്കിൽ ഒറിജിനൽ പകർപ്പ് താൻ പുറത്ത് വിടുമെന്നും ലത്തീഫ് പറഞ്ഞിരുന്നു. ഈ തുറന്നു പറച്ചിലിന് പിന്നാലെയാണ് ഇപ്പോൾ സസ്‍പെൻഷൻ.