യുഡിഎഫ് പ്രവര്‍ത്തകര്‍ കേട്ടാലറയ്ക്കുന്ന ചീത്ത വിളിക്കുന്നു; ദേഹോപദ്രവം ചെയ്യാൻ ശ്രമവും; പരാതിയുമായി മൂന്നാര്‍ പഞ്ചായത്ത് പ്രസിഡന്‍റ്

single-img
13 January 2022

കൂറുമാറി എന്ന ആരോപണവുമായി പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ സമരം ചെയ്യുന്ന യുഡിഎഫ് പ്രവര്‍ത്തകര്‍ തന്നെ അസഭ്യം വിളിക്കുന്നുവെന്ന് മൂന്നാര്‍ പഞ്ചായത്ത് പ്രസിഡന്‍റ് പ്രവീണ രവികുമാര്‍. ഇവരുടെ ചീത്തവിളി സഹിക്കാനാവാതെ പഞ്ചായത്ത് പ്രസിഡന്‍റ് സംസ്ഥാന വനിതാ കമ്മീഷനും മൂന്നാര്‍ പൊലീസിനും പരാതി നല്‍കി. 100 ദിന റിലേ സമരത്തിന്റെ ഭാഗമായി സമരം ചെയ്യുന്നവരാണ് പ്രസിഡന്‍റിനെതിരെ അസഭ്യവര്‍ഷം ചൊരിയുന്നതെന്നാണ് പരാതിയിൽ പറയുന്നത്.

പഞ്ചായത്തിന്റെ മുന്നിൽ സമരം ചെയ്യുന്ന യുഡിഎഫ് പ്രവര്‍ത്തകര്‍ രാവിലെ മുതല്‍ തന്നെ അസഭ്യം പറയുകയാണെന്നും ദേഹോപദ്രവം ചെയ്യാന്‍ ശ്രമിക്കുകയാണെന്ന് പ്രസിഡന്റ് പ്രവീണ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. അതേസമയം, പഞ്ചായത്ത് കവാടത്തിന് മുമ്പില്‍ സമരം ചെയ്യുന്നവര്‍ മാറാന്‍ കൂട്ടാക്കിയില്ലെങ്കില്‍ കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു

സമീപ ദിവസങ്ങളിലായിരുന്നു രണ്ട് യുഡിഎഫ് അംഗങ്ങള്‍ എല്‍ഡിഎഫിലേക്ക് മാറിയത് . ഇതോടുകൂടി നീണ്ട കാലയളവിന് ശേഷം മൂന്നാര്‍ പഞ്ചായത്ത് എല്‍ഡിഎഫിന് ലഭിക്കുകയും ചെയ്തു. അവസാന 15 വര്‍ഷം മൂന്നാര്‍ പഞ്ചായത്ത് ഭരിച്ചിരുന്നത് യുഡിഎഫ് ഭരണസമിതിയായിരുന്നു. പക്ഷെ ഈ കാലയളവുകളിൽ മൂന്നാര്‍ ടൗണുമായി ബന്ധപ്പെട്ട് യാതൊരുവിധ അടിസ്ഥന വികസനവും നടപ്പിലാക്കാന്‍ യുഡിഎഫിന് കഴിഞ്ഞിരുന്നില്ല എന്ന് ഉള്ളിൽ നിന്നുതന്നെ ആക്ഷേപം ഉണ്ടായിരുന്നു.