പൊലീസ് അതിക്രമങ്ങൾ ഇടതുമുന്നണിയുടെ പൊലീസ് നയത്തിന്റെ ശോഭ കെടുത്തി: എഐവൈഎഫ്

single-img
3 January 2022

കണ്ണൂരില്‍ ട്രെയിന്‍ യാത്രയ്ക്കിടയിൽ യാത്രക്കാരനെ കേരളാ പൊലീസ് മർദ്ദിച്ച സംഭവം വിവാദമായതിന് പിന്നാലെ സംസ്ഥാന ആഭ്യന്തര വകുപ്പിനെതിരെ സിപിഐ യുവജന സംഘടനയായ എഐവൈഎഫ്. കേരളാ പൊലീസിൽ ക്രിമിനലുകൾ കൂടിയെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ജിസ് മോൻ വിമര്‍ശിച്ചു.

പോലീസ് നടത്തുന്ന അതിക്രമങ്ങൾ ഇടതുമുന്നണിയുടെ പൊലീസ് നയത്തിന്റെ ശോഭ കെടുത്തി. ഇപ്പോഴുണ്ടായ സംഭവങ്ങൾ ആഭ്യന്തര വകുപ്പിന്റെ വീഴ്ചയാണോയെന്ന് പരിശോധിക്കണമെന്നും ജിസ് മോൻ കോഴിക്കോട്ട് ആവശ്യപ്പെട്ടു.

ട്രെയിനിൽ യാത്രക്കാരനെ നിലത്തിട്ട് ചവിട്ടി പുറത്താക്കിയ സംഭവം ദൃശ്യങ്ങളിലൂടെ പുറത്തുവന്നിരുന്നു. മാവേലി എക്സ്പപ്രസിൽ വെച്ചാണ് എഎസ്ഐ, യാത്രക്കാരനെ മർദ്ദിച്ചത്. ശരിയായ ടിക്കറ്റില്ലാതെ സ്ലീപ്പർ കോച്ചിൽ യാത്രചെയ്തുവെന്ന കുറ്റത്തിനാണ് യാത്രക്കാരനെ പൊലീസ് ഉദ്യോഗസ്ഥൻ ക്രൂരമായി മർദ്ദിച്ചത്. ട്രെയിനിൽ ടിക്കറ്റ് പരിശോധിക്കേണ്ടത് ടിടിഇ ആണെന്നിരിക്കെയാണ് പൊലീസുകാരൻ ടിക്കറ്റ് ചോദിച്ചെത്തി സ്ലീപ്പർ കമ്പാർട്ട്മെന്റിലിരിക്കുകയായിരുന്ന യാത്രക്കാരനെ മർദ്ദിച്ചത്.