യുവതി വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച സംഭവം; ഇളയ സഹോദരിക്കായി തെരച്ചിൽ ഊർജിതമാക്കി പോലീസ്

single-img
30 December 2021

എറണാകുളം ജില്ലയിലെ വടക്കൻ പറവൂരിൽ യുവതി വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ഇളയ സഹോദരി ജിത്തുവിനായി പൊലീസ് തെരച്ചിൽ ഊർജിതമാക്കി. മാനസിക അസ്വാസ്ഥ്യത്തിന് ചികിത്സ തേടിയിരുന്ന ജിത്തുവിനെ, നേരത്തെയും രണ്ട് തവണ കാണാതായിരുന്നു.

ഇപ്പോൾ റെയിൽവേ സ്റ്റേഷനുകളും ബസ് സ്റ്റാന്റുകളും കേന്ദ്രീകരിച്ചാണ് പൊലീസ് പരിശോധന. വീട്ടിൽ രക്തപ്പാടുകൾ കണ്ടെത്തിയതിനാൽ തീപിടിക്കുന്നതിനു മുൻപു സഹോദരിമാർ തമ്മിൽ വഴക്കുണ്ടായിട്ടുണ്ടെന്നാണു പൊലീസിന്റെ അനുമാനം. മരണപ്പെട്ട വിസ്മയയുടെ മൊബൈൽഫോൺ, വീട്ടിൽ നിന്ന് പോയ ശേഷം ജിത്തു ഉപയോഗിച്ചിരുന്നെങ്കിലും പിന്നീട് സ്വിച്ച് ഓഫാക്കി.

ചൊവ്വാഴ്ച വൈകിട്ടു മൂന്നു മണിയോടെയാണു തീപിടിച്ചത്. ശിവാനന്ദന്റെ മക്കളാണു വിസ്മയയും ജിത്തുവും. തീപിടിച്ചതിനെത്തുടർന്നു മൃതദേഹം പൂർണമായി കത്തിക്കരിഞ്ഞിരുന്നു. ജിത്തു ഓടിപ്പോവുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചെങ്കിലും പെൺകുട്ടിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

ദൃശ്യങ്ങൾ വ്യക്തമല്ലെങ്കിലും അതിലെ പെൺകുട്ടി ജിത്തുവാണെന്നു മാതാപിതാക്കൾ മൊഴി നൽകി. പെൺകുട്ടി ധരിച്ചിരിക്കുന്ന തരത്തിലുള്ള വസ്ത്രം ജിത്തുവിനുണ്ടെന്ന് അവർ പൊലീസിനോടു പറഞ്ഞു. ഫോൺ ലൊക്കേഷൻ കണ്ടെത്താനാകാത്തതാണ് പൊലീസിന് വെല്ലുവിളി. സംഭവം നടക്കുമ്പോള്‍ വീട്ടിൽ വിസ്മയയും സഹോദരി ജിത്തുവും മാത്രമെ ഉണ്ടായിരുന്നുള്ളു.