ലൈഫ് മിഷന്‍; പൊതുസമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പിക്കാന്‍ ‘മനസ്സോടിത്തിരി മണ്ണ്’ എന്ന പേരില്‍ ക്യാമ്പയിന്‍ ആരംഭിക്കും: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

single-img
28 December 2021

ഭൂ-ഭവന രഹിതരുടെ പുനരധിവാസം ലക്ഷ്യമിട്ടുള്ള ലൈഫ് മിഷന്‍ മൂന്നാംഘട്ടത്തിന് പൊതുസമൂഹത്തിന്റെ പങ്കാളം ഉറപ്പിക്കാന്‍ മനസ്സോടിത്തിരി മണ്ണ് എന്ന പേരില്‍ വിപുലമായ ക്യാമ്പയിന്‍ ആരംഭിക്കുമെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

2021-22 മുതലുള്ള മൂന്ന് വര്‍ഷം കൊണ്ട് ഏകദേശം 2.5 ലക്ഷം ഭൂരഹിതര്‍ക്ക് സ്ഥലം ലഭ്യമാക്കുക എന്ന വലിയ ലക്ഷ്യമാണ് സര്‍ക്കാരിന് മുന്നിലുള്ളത്. സര്‍ക്കാര്‍ സംവിധാനത്തിലൂടെ മാത്രം ഇത് സാധ്യമാക്കാനാവില്ലെന്ന് കണ്ടാണ് പൊതുസമൂഹത്തിന്റെ പങ്കാളം ഉറപ്പിക്കാന്‍ മനസ്സോടിത്തിരി മണ്ണ് എന്ന വിപുലമായ ക്യാമ്പയിന്‍ ആരംഭിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

മനസ്സോടിത്തിരി മണ്ണിന്റെ സംസ്ഥാനതല ഉദ്ഘാടനം ഡിസംബര്‍ 30 വ്യാഴ്യാഴ്ച എറണാകുളം ടൗണ്‍ഹാളില്‍ വെച്ച് നിര്‍വ്വഹിക്കും. 1000 ഭൂരഹിതര്‍ക്ക് ഭൂമി വാങ്ങുന്നതിനായി ഒരാള്‍ക്ക് പരമാവധി 2.5 ലക്ഷം രൂപ എന്ന നിലയില്‍ 25 കോടി രൂപ ഗുണഭോക്താക്കള്‍ക്ക് നല്‍കാനായി കെ ചിറ്റിലപ്പള്ളി ഫൗണ്ടേഷന്‍ മുന്നോട്ടുവന്നിട്ടുണ്ട്. നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിലെ പ്രവാസിയായ സമീര്‍ പി ബി, അമ്പത് സെന്റ് സ്ഥലം ഇതിനായി വിട്ടുനല്‍കാന്‍ തയ്യാറായിട്ടുണ്ട്. പൊതുസമൂഹത്തില്‍ നിന്നും ഉയര്‍ന്നുവന്ന ഈ അനുകരണീയ മാതൃകകള്‍ക്ക് തുടര്‍ച്ചയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാനതല ഉദ്ഘാടനത്തിന്റെ വേദിയില്‍ വെച്ച് ഭൂരഹിതരെ ചേര്‍ത്തുനിര്‍ത്താന്‍ സന്നദ്ധരായവര്‍ ധാരണാപത്രം കൈമാറുമെന്ന് മന്ത്രി അറിയിച്ചു. സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവര്‍ മനസ്സോടിത്തിരി മണ്ണ് എന്ന ക്യാമ്പയിനിനോട് മികച്ച രീതിയില്‍ പ്രതികരിക്കുമെന്നാണ് കരുതുന്നതെന്ന് മന്ത്രി കൂട്ടിചേര്‍ത്തു.