വേറെ ലക്ഷ്യങ്ങൾ ഒന്നുമില്ല; ലേലത്തിൽ പിടിച്ച ‘ഥാർ’ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അമല്‍ മുഹമ്മദലി

single-img
21 December 2021

ഗുരുവായൂർ ക്ഷേത്രത്തിൽ നിന്നും ലേലം നടത്തിയപ്പോൾ താൻ നേടിയ ഥാർ തനിക്ക് തന്നെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അമല്‍ മുഹമ്മദലിപറയുന്നു. ക്ഷേത്രത്തിന്റെ ഭരണ സമിതി തീരുമാനം അനുകൂലമാവും എന്നാണ് പ്രതീക്ഷ. ഇതിനായി പ്രാർഥിക്കുകയാണെന്നും തനിക്ക് വേറെ ലക്ഷ്യങ്ങൾ ഇല്ലെന്നും അമൽ ഒരു ചാനലിനോട് സംസാരിക്കവെ പറഞ്ഞു.

നിയമ പ്രകാരമുള്ള എല്ലാ നടപടി ക്രമങ്ങളും പൂർണ്ണമായി പാലിച്ചാണ് ഗുരുവായൂരിലെ ‘ഥാര്‍’ ലേലത്തില്‍ പങ്കെടുത്തതെന്ന് എറണാകുളം സ്വദേശിയും പ്രവാസിയുമായ അമൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ, ലേലത്തിന് ശേഷം വാഹനം വിട്ടുനല്‍കാനാകില്ലെന്ന് ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഇപ്പോഴത്തെ നിലപാട് ശരിയല്ല, വാഹനം വിട്ടുനല്‍കാന്‍ കഴിയില്ലെന്ന് ദേവസ്വത്തിന് പറയാനാകില്ല. ലേലം റദ്ദാക്കിയാല്‍ നിയമ നടപടി സ്വീകരിക്കുമെന്നും അമല്‍ അറിയിച്ചിരുന്നു..

ഏതാനും ദിവസങ്ങൾക്ക് മുൻപായിരുന്നു ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മഹീന്ദ്ര ഗ്രൂപ്പിൽ നിന്നും വഴിപാടായി ലഭിച്ച ‘ഥാർ’ ലേലം ചെയ്തതിന് പിന്നാലെ വാഹനം കൈമാറുന്നതിനെ ചൊല്ലി തർക്കം ഉടലെടുത്തത്. നിലവിൽ താൽക്കാലികമായി ലേലം ഉറപ്പിച്ചു. എന്നാല്‍ വാഹനം വിട്ടുനല്‍കുന്നതില്‍ പുനരാലോചന വേണ്ടി വരുമെന്നാണ് ദേവസ്വം ചെയര്‍മാന്‍ പ്രതികരിച്ചത്.