മുഖ്യമന്ത്രിക്കോ ഡിജിപിക്കോ പൊലീസ് സേനയുടെ മേല്‍ യാതൊരു നിയന്ത്രണവുമില്ലാത്ത ഗുരുതര സാഹചര്യം: വിഡി സതീശൻ

single-img
20 December 2021

കേരളത്തിൽ രാഷ്ട്രീയ,വര്‍ഗീയ കൊലപാതകങ്ങളും ഗുണ്ടാ വിളയാട്ടവും പൊലീസ് അതിക്രമങ്ങളും നിയന്ത്രിക്കാനാകാതെ അഭ്യന്തര വകുപ്പ് നോക്കുകുത്തിയായി മാറിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ആഭ്യന്തര വകുപ്പിന്റെ ചുമതലകൂടി വഹിക്കുന്ന മുഖ്യമന്ത്രിക്കോ സംസ്ഥാന പൊലീസ് മേധാവിക്കോ പൊലീസ് സേനയ്ക്കു മേല്‍ യാതൊരു നിയന്ത്രണവുമില്ലാത്ത ഗുരുതര സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും സതീശന്‍ ആരോപിച്ചു.

“സംസ്ഥാനത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ നിഷ്‌ക്രിയരാക്കി പാര്‍ട്ടി നേതാക്കളുടെ സെല്‍ ഭരണമാണ് പൊലീസ് സ്റ്റേഷനുകളില്‍ വ്യാപകമായി നടക്കുന്നത്. പൊലീസിലെ വര്‍ഗീയവാദികളുടെ സാന്നിധ്യം ക്രമസമാധാനപാലനത്തെ അപകടകരമായ അവസ്ഥയിലെത്തിച്ചു. സംസ്ഥാന സര്‍ക്കാരിനെതിരായ പ്രതിപക്ഷ സമരങ്ങളില്‍ തീവ്രവാദ ബന്ധം ആരോപിക്കുന്നതിന് അനുമതി നല്‍കുന്ന ആഭ്യന്തര വകുപ്പ് വര്‍ഗീയവാദികള്‍ക്ക് വഴിവെട്ടുകകൂടിയാണ് ചെയ്യുന്നത്,” സതീശന്‍ പറഞ്ഞു..

“ അതേപോലെ തന്നെ , കേരളത്തിൽ വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാനാണ് ബിജെപിയുടേയും എസ് ഡി പി ഐയുടേയും ശ്രമം. ഭൂരിപക്ഷ വര്‍ഗീയതയേയും ന്യൂനപക്ഷ വര്‍ഗീയതയേയും മാറി മാറി പുണരുന്ന സര്‍ക്കാരും മുഖ്യമന്ത്രിയുമാണ് കേരളത്തെ ഈ സ്ഥിതിയിലെത്തിച്ചത്. ആര്‍ എസ് എസും എസ് ഡി പി ഐയും പോലുള്ള വര്‍ഗീയശക്തികളെ നിലയ്ക്കു നിര്‍ത്താന്‍ ഇനിയെങ്കിലും സര്‍ക്കാര്‍ തയാറാകണം,” അദ്ദേഹം ആവശ്യപ്പെട്ടു.