24 മണിക്കൂറിനിടെ ആലപ്പുഴയിൽ നടന്നത് രണ്ട് രാഷ്ട്രീയ കൊലപാതകങ്ങൾ; രണ്ട് ദിവസം നിരോധനാജ്ഞ; കുറ്റവാളികളെ പിടികൂടാൻ കർശന നടപടിയെന്ന് മുഖ്യമന്ത്രി

single-img
19 December 2021

കഴിഞ്ഞ 24 മണിക്കൂറിനിടെ ആലപ്പുഴയെ നടുക്കി രണ്ട് രാഷ്ട്രീയ കൊലപാതകങ്ങൾ അരങ്ങേറി. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയായ കെ എസ് ഷാനും ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനുമാണ് കൊല്ലപ്പെട്ടത്.

നിലവിലെ സാഹചര്യത്തിൽ അക്രമ സാധ്യത കണക്കിലെടുത്ത് ആലപ്പുഴ ജില്ലയിൽ രണ്ട് ദിവസം പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഏതാനും മണിക്കൂറുകളുടെ മാത്രം വ്യത്യാസത്തിൽ പതിനഞ്ച് കിലോമീറ്റർ ദൂരപരിധിയിലാണ് രണ്ടു കൊലപാതകങ്ങളും നടന്നത്. കൊല്ലപ്പെട്ട ഇരുവരും അതാതു സംഘടനകളുടെ സംസ്ഥാനതല ഭാരവാഹികളായിരുന്നു.

ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരിയിൽ ഇന്നലെ രാത്രിയായിരുന്നു നാടിനെ നടുക്കിയ ആദ്യ കൊലപാതകം ഉണ്ടായത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന കെ.എസ് ഷാനെ ഇടിച്ചു വീഴ്ത്തിയ അക്രമികൾ ശേഷം വെട്ടി കൊലപ്പെടുത്തുകയായിരുന്നു.

അന്വേഷണത്തിൽ പുറത്തുവന്ന സി.സി.ടി.വി ദൃശ്യങ്ങൾപ്രകാരം അഞ്ചംഗ സംഘമാണ് കെ.എസ് ഷാനെ വെട്ടികൊലപ്പെടുത്തിയത്. എസ്.ഡി.പി.ഐയുടെ സംസ്ഥാന സെക്രട്ടറിയാണ് കെ.എസ് ഷാൻ. കൊലപാതകത്തിന് പിന്നിൽ ആർ.എസ്.എസ് ആണെന്ന് സംഭവം നടന്നതിന് പിന്നാലെ എസ്.ഡി.പി.ഐ പ്രതികരിച്ചിരുന്നു.

മണിക്കൂറുകൾക്ക് പിന്നാലെ ഇന്ന് പുലർച്ചെ പ്രഭാതസവാരിക്കായി വീട്ടിൽ നിന്നും ഇറങ്ങാനിരിക്കെയാണ് ഒരു സംഘമെത്തി രഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്. ആലപ്പുഴ നഗരഭാഗമായ വെള്ളകിണറിലാണ് ആക്രമണം ഉണ്ടായത്. സംഭവം നടന്ന പിന്നാലെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എട്ടംഗ സംഘമാണ് രഞ്ജിത്തിൻറെ കൊലപാതത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം.

അതേസമയം, ആലപ്പുഴയിൽ നടന്ന രണ്ട് കൊലപാതകങ്ങളെ ശക്തമായി അപലപിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കുറ്റവാളികളെയും പിന്നിൽ പ്രവർത്തിച്ചവരെയും പിടികൂടാൻ പോലിസിന്റെ കർശന നടപടിയുണ്ടാവും. സങ്കുചിതവും മനുഷ്യത്വഹീനവുമായ ഇത്തരം അക്രമ പ്രവർത്തനങ്ങൾ നാടിന് വിപത്കരമാണ്. കൊലയാളി സംഘങ്ങളെയും അവരുടെ വിദ്വേഷ സമീപനങ്ങളെയും തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താൻ എല്ലാ ജനങ്ങളും തയ്യാറാവുമെന്നുറപ്പുണ്ടെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.