ലേലം റദ്ദാക്കിയാല്‍ നിയമ നടപടി സ്വീകരിക്കും; ഗുരുവായൂരിലെ ‘ഥാര്‍’ ലേലത്തിൽ പിടിച്ച അമല്‍ മുഹമ്മദലി പറയുന്നു

single-img
19 December 2021

നിയമപരമായ നടപടി ക്രമങ്ങൾ എല്ലാം പാലിച്ചാണ് താൻ ഗുരുവായൂരിലെ ‘ഥാര്‍’ ലേലത്തില്‍ പങ്കെടുത്തതെന്ന് എറണാകുളം സ്വദേശിയായ പ്രവാസി അമൽ മുഹമ്മദലി. ലേലം ഉറപ്പിച്ച ശേഷം വാഹനം വിട്ടുനല്‍കാനാകില്ലെന്ന് ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഇപ്പോഴത്തെ നിലപാട് ശരിയല്ല എന്നും അദ്ദേഹം പറയുന്നു.

ലേലം ഉറപ്പിച്ച ശേഷം വാഹനം വിട്ടുനല്‍കാന്‍ കഴിയില്ലെന്ന് ദേവസ്വത്തിന് പറയാനാകില്ല. ലേലം റദ്ദാക്കിയാല്‍ നിയമ നടപടി സ്വീകരിക്കുമെന്നും അമല്‍ മുഹമ്മദലി ഒരു ചാനലിനോട് സംസാരിക്കവെ പറഞ്ഞു.ഇന്നലെയായിരുന്നു ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടായി ലഭിച്ച ‘ഥാർ’ ലേലം ചെയ്തതിന് പിന്നാലെ വാഹനം കൈമാറുന്നതിനെ ചൊല്ലി തർക്കം ഉടലെടുത്തത്.

നിലവിൽ താൽക്കാലികമായി ലേലം ഉറപ്പിച്ചു. എന്നാല്‍ വാഹനം വിട്ടുനല്‍കുന്നതില്‍ പുനരാലോചന വേണ്ടി വരുമെന്ന് ദേവസ്വം ചെയര്‍മാന്‍ പ്രതികരിച്ചു. ഭരണ സമിതിയിൽ അഭിപ്രായ വ്യത്യാസം വന്നേക്കാം. അങ്ങനെയെങ്കിൽ തീരുമാനം മാറ്റേണ്ടി വരുമെന്ന് ചെയർമാൻ കെ ബി മോഹൻദാസ് അറിയിച്ചിരുന്നു. ലേലത്തിൽ അടിസ്ഥാന വിലയായി 15 ലക്ഷം രൂപയാണ് ദേവസ്വം വിളിച്ചത്. എറണാകുളം സ്വദേശി അമൽ മുഹമ്മദ് അലി പതിനായിരം രൂപ കൂട്ടി വിളിച്ചാണ് ‘ഥാർ’ സ്വന്തമാക്കിയത്. 15 ലക്ഷത്തി പതിനായിരം രൂപയ്ക്കാണ് ലേലം ഉറപ്പിച്ചത്.