‘തമിഴ് തായ് വാഴ്ത്ത്’ നെ സംസ്ഥാന ഗാനമായി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

single-img
17 December 2021

തമിഴ് തായ് വാഴ്ത്ത്’ ഗാനത്തെ സംസ്ഥാന ഗാനമായി പ്രഖ്യാപിച്ച് എം കെ സ്റ്റാലിന്റെ തമിഴ്‌നാട് സര്‍ക്കാര്‍. 55 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഈ ഗാനം ഇനിമുതൽ ആലപിക്കുമ്പോള്‍ ഭിന്നശേഷിയുള്ളവര്‍ ഒഴികെയുള്ളവരെല്ലാം എഴുന്നേറ്റ് നില്‍ക്കണമെന്ന് നിര്‍ദേശിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.

‘തമിഴ് തായ് വാഴ്ത്ത്’ ഒരു പ്രാര്‍ത്ഥനാ ഗാനം മാത്രമാണെന്ന മദ്രാസ് ഹൈക്കോടതിയുടെ അടുത്ത കാലത്തുണ്ടായ നിരീക്ഷണത്തിന് പിന്നാലെയാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. ഇനിമുതൽ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും സര്‍ക്കാര്‍ ഓഫീസുകളിലെയും എല്ലാ പൊതുപരിപാടികളിലും ‘തമിഴ് തായ് വാഴ്ത്ത്’ ഗാനം ആലപിക്കുമെന്നും തമിഴ്‌നാട് സര്‍ക്കാര്‍ അറിയിപ്പിൽ പറഞ്ഞു.

നേരത്തെ, പൊതുപരിപാടികളില്‍ പങ്കെടുക്കുന്നവര്‍ പാട്ടുപാടുമ്പോള്‍ നില്‍ക്കണമെന്ന എക്സിക്യൂട്ടീവ് ഉത്തരവില്ലെന്നാണ് കോടതി പറഞ്ഞത്. ‘തമിഴ് തായ് വാഴ്ത്ത്’ ദേശീയഗാനമല്ലെന്നും അതിനാല്‍ അത് ആലപിക്കുമ്പോള്‍ എല്ലാവരും നില്‍ക്കേണ്ടതില്ലെന്നും കോടതി വിധിയില്‍ പറഞ്ഞിരുന്നു.സര്‍ക്കാര്‍ പരിപാടികളുടെ അവിഭാജ്യ ഘടകമായ ‘തമിഴ് തായ് വാഴ്ത്ത്’ പരിശീലനം ലഭിച്ച ഗായകര്‍ തന്നെ പാടണമെന്ന് നേരത്തെ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇത് സംബന്ധിച്ച നോട്ടീസും ഇറക്കിയിരുന്നു