ബിപിന്‍ റാവത്തിന്റെ നിലപാടുകളെ വിമര്‍ശിച്ച രശ്മിതയെ പ്ലീഡര്‍ തസ്തികയില്‍ നിന്ന് പുറത്താക്കണം; സംസ്ഥാന സർക്കാരിനോട് ബിജെപി

single-img
9 December 2021

തമിഴ്‌നാട്ടിലെ കുനൂരിൽ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച രാജ്യത്തിന്റെ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ നിലപാടുകളെ ഫേസ്ബുക്കിലൂടെ വിമര്‍ശിച്ച സുപ്രീംകോടതി അഭിഭാഷക രശ്മിത രാമചന്ദ്രനെതിരെ ബിജെപി രംഗത്തെത്തി.

മനുഷ്യത്വമില്ലാത്ത രാജ്യദ്രോഹിയാണ് രശ്മിതയെന്നും സ്വന്തംരാജ്യത്തിന്റെ പരമോന്നത സൈനികനെ അപമാനിച്ച അവരെ സര്‍ക്കാര്‍ പ്ലീഡര്‍ തസ്തികയില്‍ നിന്ന് പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും ബിജെപി നേതാവ് എസ് സുരേഷ് ആവശ്യപ്പെട്ടു. മരണം ഒരു വ്യക്തിയെ വിശുദ്ധനാക്കുന്നില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു രശ്മിത ഫേസ്ബുക്കിലൂടെ കഴിഞ്ഞ ദിവസം വിമർശനവുമായി എത്തിയത്.

എസ് സുരേഷിൻറെ വാക്കുകൾ: ”മനുഷ്യത്വം എന്നത്ഇല്ലാത്ത ഈ രാജ്യദ്രോഹിയാണോ കേരള സര്‍ക്കാരിന്റെ ഹൈകോടതിയിലെ അഭിഭാഷക. സ്വന്തം രാജ്യത്തിന്റെ പരമോന്നത സൈനികനെഅപമാനിക്കുന്നു. അതും ഹെലികോപ്ടര്‍ ദുരന്തത്തില്‍ അദ്ദേഹവും ഭാര്യയും ധീര സൈനികരും പകുതി വെന്ത് അതിദാരുണമായി അന്ത്യശ്വാസം വലിക്കുമ്പോള്‍. രാജ്യം മുഴുവന്‍ അവരുടെ ജീവനായി പ്രാര്‍ത്ഥിക്കുമ്പോള്‍.

ലോകനേതാക്കള്‍ മുതല്‍ കേരള മുഖ്യമന്ത്രി വരെ ഞെട്ടല്‍ രേഖപ്പെടുത്തുമ്പോള്‍. ഈ നീചയായ രാജ്യദ്രോഹി ബിപിന്‍ റാവത്തിനേയും, രാജ്യത്തിനേയും അപകീര്‍ത്തിപ്പെടുത്താന്‍ തന്റെ നാറിയ ഫെയ്‌സ്ബുക്ക് ഉപയോഗിച്ചത്. ഇവരെ സര്‍ക്കാര്‍ പ്ലീഡര്‍ തസ്തികയില്‍ നിന്ന് പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം.”