ആന്ധ്രയിലെ അണക്കെട്ട് കാണിച്ച് യോഗി ആദിത്യനാഥ്‌ യുപിയിൽ നടത്തിയ വികസനമെന്ന് പ്രചാരണം

single-img
22 November 2021

ആന്ധ്രാപ്രദേശിലുള്ള കൃഷ്ണനദിയിലെ ശ്രീസൈലം അണക്കെട്ടിന്റെ ചിത്രം കാണിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വികസനപ്രവർത്തനങ്ങളെന്ന പ്രചാരണവുമായി ബിജെപി നേതാക്കൾ. യുപിയിലെ ബുന്ദേൽഖണ്ഡിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ച ജലസേന പദ്ധതിയെന്നു പറഞ്ഞാണ് അണക്കെട്ടിന്റെ ചിത്രം വ്യാപകമായി പ്രചരിപ്പിക്കുന്നത്.

സംസ്ഥാനത്തെ ബിജെപി മുൻ എംപി ഹരി ഓം പാണ്ഡെ അടക്കമുള്ള പ്രമുഖ നേതാക്കളാണ് ചിത്രം തെറ്റായി ട്വീറ്റ് ചെയ്തത്.യുപിയിലെ ബിജെപി എംഎൽഎമാരായ ഡോ. അവദേശ് സിങ്, ബാംബ ലാൽ ദിവാകർ എന്നിവരും ബിഹാറിലെ ബിജെപി എംഎൽഎ അനിൽകുമാറും ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച പ്രമുഖരിൽ ഉൾപ്പെടും.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും സന്ദർശനത്തിലൂടെ ആരംഭിച്ച വികസന പ്രവൃത്തികളിലൂടെ ഒടുവിൽ വരൾച്ചബാധിത പ്രദേശമായ ബുന്ദേൽഖണ്ഡിൽ ജലസേചനത്തിനുള്ള അവസരമൊരുങ്ങുന്നുവെന്നാണ് ബിജെപി നേതാക്കൾ അവകാശപ്പെട്ടത്.പക്ഷെ പിന്നീട് സോഷ്യൽ മീഡിയയിൽ നിന്നും അണക്കെട്ട് ആന്ധ്രയിലേതാണെന്നു വ്യക്തമായതോടെ പലരും ചിത്രം പിൻവലിച്ച് ട്വീറ്റ് മുക്കി.