കേരളം വൻ കടക്കെണിയിലേക്ക് പോകുന്ന സാഹചര്യം; സിൽവർലൈൻ പദ്ധതിയെ എതിർക്കുക തന്നെ ചെയ്യുമെന്ന് വിഡി സതീശൻ

single-img
16 November 2021

കേരളാ സർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന സിൽവർലൈൻ പദ്ധതി ജനവിരുദ്ധമാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. ഇപ്പോഴും പരിസ്ഥിതി ആഘാത പഠനം പോലും നടത്താതെയാണ് പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുന്നത്. കേരളം വൻ കടക്കെണിയിലേക്ക് പോകുന്ന സാഹചര്യമാണുള്ളത്. അതിനാൽ സിൽവർലൈൻ പദ്ധതിയെ എതിർക്കുക തന്നെ ചെയ്യുമെന്നും സതീശൻ
ഇന്ന് മാധ്യമങ്ങൾക്ക് മുന്നിൽ പ്രഖ്യാപിച്ചു.

കോഴിക്കോട് സംഘടിപ്പിച്ച യുഡിഎഫ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യവെയാണ് കെ റെയിൽ പദ്ധതിയിലെ നിലപാട് പ്രഖ്യാപിച്ചത്. സമാനമായി മുല്ലപ്പെരിയാർ വിഷയത്തിലും സതീശൻ മുഖ്യമന്ത്രിയെ കടന്നാക്രമിച്ചു. മുല്ലപ്പെരിയാറിലെ മരംമുറി വിവാദങ്ങളിൽ മുഖ്യമന്ത്രിയുടെ മൗനം കുറ്റ സമ്മതം ആണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മുല്ലപ്പെരിയാറിൽ സ‍ർക്കാർ ജന താൽപര്യങ്ങൾക്ക് എതിരാണ് നിന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, യുഡിഎഫ് ഉപേക്ഷിച്ച പദ്ധതി ആണ് സിൽവർ ലൈൻ എന്ന പേരിൽ എൽഡിഎഫ് പൊടി തട്ടി എടുക്കുന്നതെന്ന് യുഡിഎഫ് പ്രതിനിധി സമ്മേളനത്തിൽ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. കാസർകോട് നിന്ന് 4 മണിക്കൂർ കൊണ്ട് തലസ്ഥാനം എത്തിയിട്ട് എന്താണ് കാര്യമെന്നും ആർക്കാണ് പ്രയോജനമെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.