കോണ്‍ഗ്രസ് യുപിയിൽ അധികാരത്തില്‍ വന്നാല്‍ ആശാ, അങ്കണവാടി പ്രവര്‍ത്തകര്‍ക്ക് പ്രതിമാസം 10,000 രൂപ നൽകും: പ്രിയങ്ക ഗാന്ധി

single-img
10 November 2021

സംസ്ഥാന മുഖ്യമന്ത്രി യോഗി സര്‍ക്കാര്‍ ആശാ പ്രവര്‍ത്തകരുടെ ജോലിയെ അപമാനിച്ചതായും, അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ആശാ, അങ്കണവാടി പ്രവര്‍ത്തകര്‍ക്ക് പ്രതിമാസം 10,000 രൂപ വീതം പ്രതിഫലം നല്‍കുമെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കാണാനെത്തിയ ആശാ പ്രവര്‍ത്തകര്‍ക്ക് നേരെ ഷാജഹാന്‍പുരില്‍ പൊലീസ് നടത്തിയ ആക്രമണത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ ട്വീറ്റ് ചെയ്തുകൊണ്ടാണ് പ്രിയങ്കയുടെ വാഗ്ദാനം.

വീഡിയോക്കൊപ്പം പ്രിയങ്ക എഴുതിയത് ഇങ്ങിനെ: ‘യുപി സര്‍ക്കാര്‍ ആശാ സഹോദരിമാര്‍ക്ക് നേരെ നടത്തിയ ഓരോ ആക്രമണവും അവര്‍ ചെയ്ത പ്രവര്‍ത്തനത്തെ അപമാനിക്കുന്നതിന് തുല്യമാണ്. കോവിഡ് കാലത്തും മറ്റു അവസരങ്ങളിലും ആശാ സഹോദരിമാര്‍ ശുഷ്‌കാന്തിയോടെ പ്രവര്‍ത്തിച്ചു. പ്രതിഫലം അവരുടെ അവകാശമാണ്. അവര്‍ പറയുന്നത് ശ്രദ്ധിക്കുകയെന്നത് സര്‍ക്കാരിന്റെ കടമയാണ്’