മലാല യൂസഫ്‌സായി വിവാഹിതയായി

single-img
10 November 2021

നൊബേല്‍ സമ്മാനം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായ പാകിസ്ഥാനിൽ നിന്നുള്ള സാമൂഹിക പ്രവര്‍ത്തക മലാല യൂസഫ്സായി വിവാഹിതയായി. പാകിസ്ഥാന്റെ ക്രിക്കറ്റ് ബോര്‍ഡിന്റെ ഹൈ പെര്‍ഫോമന്‍സ് സെന്റര്‍ ജനറല്‍ മാനേജര്‍ അസ്സര്‍ മാലികാണ് വരന്‍.

വിവാഹത്തെപ്പറ്റി മലാല സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങിനെ: ‘ഇന്ന് എന്റെ ജീവിതത്തിലെ വിലപ്പെട്ട ദിവസമാണ്. ജീവിത പങ്കാളികളാകാന്‍ ഞാനും അസ്സറും തീരുമാനിച്ചു. കുടുംബത്തോടൊപ്പം ലളിതമായ ചടങ്ങില്‍ നിക്കാഹ് നടത്തി’ .

ലണ്ടനിലെ ബെര്‍മിങ്ഹാമിലുള്ള വീട്ടിലാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. പാകിസ്ഥാനിലെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെ മലാല നടത്തിയ പോരാട്ടം ശ്രദ്ധേയമായിരുന്നു. ഇതേ തുടര്‍ന്ന് 2012-ല്‍ 11-ാം വയസ്സില്‍ സ്വന്തം നാടായ പാകിസ്ഥാനില്‍ വെച്ച് മലാല താലിബാന്റെ അക്രമണത്തിന് ഇരയായി. തലയ്ക്ക് വെടിയേറ്റ മലാല ഇംഗ്ലണ്ടില്‍ ചികിത്സയിലായിരുന്നു. പിന്നീട് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടി. 2014ലാണ് മലാലയ്ക്ക് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിക്കുന്നത്.