വിടുവായത്തരം പറഞ്ഞാല്‍ നാവ് മുറിച്ചെടുക്കും; ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു

single-img
8 November 2021

ബിജെപിയുടെ തെലുങ്കാനയിലെ സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു. നെല്‍ കൃഷിയുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന നേതൃത്വത്തിന്‍റെ വാക്കുകളാണ് ഇത്തരത്തിൽ ഒരു പ്രതികരണത്തിലേക്ക് എത്തിച്ചത്.

സംസ്ഥാനത്തെ നെല്ല് ശേഖരിക്കുന്നത് സംബന്ധിച്ച് വിടുവായത്തരം പറഞ്ഞാല്‍ നാവ് മുറിച്ചെടുക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. നെല്ല് സംഭരണം സംബന്ധിച്ച് കേന്ദ്രത്തിന്‍റെ ഭാഗത്ത് നിന്ന് അനുകൂലമായ നിലപാടല്ല സംസ്ഥാനത്തിന് ലഭിക്കുന്നത്. ആ സമയം തന്നെ നെല്ല് ശേഖരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബണ്ടി സഞ്ജയ് കഴിഞ്ഞ ദിവസം കര്‍ഷകരോട് പ്രതികരിച്ചിരുന്നു.

കേന്ദ്രസർക്കാർ നെല്ല് ശേഖരിക്കുന്നില്ലാത്തതിനാല്‍ മറ്റ് കൃഷിയിലേക്ക് ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രിയും കാര്‍ഷിക വകുപ്പ് മന്ത്രിയും കര്‍ഷകരോട് വ്യക്തമാക്കിയിരുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രിയെ നേരിട്ട് കണ്ട ശേഷം വിഷയത്തിലെ സംസ്ഥാനത്തെ ആശങ്ക അറിയിച്ചിരുന്നു. എന്നാല്‍ തീരുമാനം എടുത്ത ശേഷം അറിയിക്കാമെന്നായിരുന്നു കേന്ദ്രമന്ത്രി വിശദമാക്കിയത്. പക്ഷെ ഇതുവരേയും ഇത് സംബന്ധിച്ച് ഒരു അറിയിപ്പും ലഭിച്ചിട്ടില്ല.

2020ലെ അഞ്ച് ലക്ഷം ടണ്‍ നെല്ല് അടക്കമാണ് ഇപ്പോൾ സംസ്ഥാനത്ത് കെട്ടിക്കിടക്കുന്നത്. കേന്ദ്രം അത് വാങ്ങാന്‍ തയ്യാറല്ലെന്നും ഞായറാഴ്ച ചന്ദ്രശേഖര റാവു വിശദമാക്കി. ഈ സമയമാണ് വീണ്ടും നെല്ല് തന്നെ കൃഷിചെയ്യാന്‍ സംസ്ഥാന ബിജെപി അധ്യക്ഷന്‍ കര്‍ഷകരോട് ആവശ്യപ്പെട്ടത്. കേന്ദ്രസർക്കാർ നെല്ല് ശേഖരിക്കില്ലെന്നും സംസ്ഥാന ബിജെപി നേതൃത്വം നെല്ല് ശേഖരിക്കുമെന്നാണ് പറയുന്നത്. ഇതുപോലുള്ള വിടുവായത്തം തുടരരുത്. അനാവശ്യമായ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയാല്‍ അവരുടെ നാവ് മുറിച്ച് നീക്കുമെന്നും ചന്ദ്രശേഖര റാവു വ്യക്തമാക്കി.

ഇപ്പോൾ തന്നെ ജയിലില്‍ അടയ്ക്കുമെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍റെ ഭീഷണി. ധൈര്യമുണ്ടെങ്കില്‍ തൊട്ട് നോക്കട്ടെയെന്നും ചന്ദ്രശേഖര റാവു കൂട്ടിച്ചേര്‍ത്തു. കര്‍ഷകരുടെ പ്രശ്നങ്ങളിലെ കേന്ദ്ര നിലപാടിനെ തള്ളിയ ചന്ദ്രശേഖര റാവും കാര്‍ഷിക നിയമത്തിനെതിരായ കര്‍ഷക സമരത്തിന് പിന്തുണയും അറിയിക്കുകയും ചെയ്തു.