നമ്മുടെ രാജ്യം ഭരിക്കുന്നത് അഴിമതി രഹിത സര്‍ക്കാർ: നിർമല സീതാരാമൻ

single-img
7 November 2021

നമ്മുടെ രാജ്യം ഭരിക്കുന്നത് ഒരു അഴിമതി രഹിത സര്‍ക്കാരാണെന്നും ഡിജിറ്റല്‍ ഇന്ത്യയിലൂടെ എല്ലാം സുതാര്യമാണെന്നും കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ. രാജ്യത്തിന്റെ പ്രതിരോധ സേനയിലും കരസേനയിലും സ്ത്രീകളുടെ വരവും സൈനിക് സ്‌കൂളുകള്‍ സ്ഥാപിക്കുന്നതും കേന്ദ്രത്തിന്റെ പ്രമേയത്തിന്റെ ഭാഗമാ യാണെന്നുംസ്ത്രീകള്‍ നയിക്കുന്ന വികസനമാണ് തങ്ങളുടെ മുദ്രാവാക്യമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇന്ന് നടന്ന ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗത്തിലാണ് സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറയുന്നതിനൊപ്പം പ്രതിപക്ഷത്തിനുനേരെ രൂക്ഷമായ ആക്രമണവും ധനമന്ത്രി നടത്തിയത്.

രാജ്യത്തിന്റെ ഉയർച്ചയ്ക്കായി പ്രധാനമന്ത്രി ചെയ്യുന്ന പ്രവര്‍ത്തനങ്ങളെയെല്ലാം കോണ്‍ഗ്രസ് ഇല്ലാതാക്കുന്നുവെന്ന് നിർമല സീതാരാമൻ ആരോപിച്ചു. കോണ്‍ഗ്രസ് ഇന്ത്യയുടെ പ്രതിഛായ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. വാക്‌സിനേഷന്‍ നേട്ടത്തില്‍ നമ്മുടെ രാജ്യത്തെ ലോകം മുഴുവന്‍ പ്രകീര്‍ത്തിക്കുമ്പോള്‍, വാക്‌സിനേഷനെ പറ്റി പ്രതിപക്ഷം ആദ്യംമുതലേ ഉന്നയിച്ചത് വിമര്‍ശനങ്ങളാണെന്നും നിർമ്മല ആരോപിച്ചു.

കൊറോണ വൈറസ് വ്യാപനത്തിനെതിരെ വാക്‌സിനേഷനില്‍ രാജ്യം നൂറുകോടി കടന്ന നേട്ടം ലോകമെമ്പാടും പ്രശംസിക്കപ്പെട്ടു. വാക്‌സിനേഷനും ആരോഗ്യ പരിരക്ഷാ സംവിധാനങ്ങള്‍ക്കുമായി 36000 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ ബജറ്റില്‍ നിന്നും നീക്കിവച്ചതെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.