മുഖ്യമന്ത്രി അറിയാതെ മരം മുറിക്കാനുള്ള അനുമതി കൊടുക്കാൻ ഉദ്യോഗസ്ഥർക്ക് കഴിയില്ല: കെ സുരേന്ദ്രൻ

single-img
7 November 2021
kerala bjp account

ഇടുക്കിയിൽ മുല്ലപ്പെരിയാറിന്റെ സമീപത്തെ ബേബി ഡാമിലെ മരം മുറിക്കാനുള്ള ഉത്തരവ് സർക്കാർ തിരുത്തിയത് പിടിക്കപ്പെട്ടപ്പോൾ തൊണ്ടി മുതൽ തിരിച്ചു നൽകിയ കള്ളനെ പോലെയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.സംസ്ഥാന മുഖ്യമന്ത്രി അറിയാതെ മരം മുറിക്കാനുള്ള അനുമതി കൊടുക്കാൻ ഉദ്യോഗസ്ഥർക്കു കഴിയില്ല. സർക്കാർ നാടകം കളിച്ചു ജനങ്ങളെ വഞ്ചിക്കുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു.

കേരളത്തിന്റെ പൊതു താത്പര്യത്തിനു വിരുദ്ധമായ രീതിയിൽസർക്കാർ അറിയാതെ ഉത്തരവിറക്കാൻ ഉദ്യോഗസ്ഥൻമാർക്ക് സാധിക്കുന്നുണ്ടെങ്കിൽ പിണറായി വിജയൻ രാജിവെച്ചു വാനപ്രസ്ഥത്തിന് പോവുന്നതാണ് നല്ലത് എന്നും സുരേന്ദ്രൻ പറഞ്ഞു.

സർക്കാർ പറയുന്നതുപോലെ ഉദ്യോഗസ്ഥൻമാരാണ് ഉത്തരവിനു പിന്നിലെങ്കിൽ അവർക്കെതിരെ നടപടിയെടുക്കാൻ സർക്കാർ തയാറാവണം. കേരളത്തിലെ സാധാരണക്കാരായ ജനങ്ങളെ മറന്നാണു സർക്കാർ ഈ ഉത്തരവ് ഇറക്കിയത്. നാടിനോടു ചെയ്ത ഏറ്റവും വലിയ ചതിയാണിത് സുരേന്ദ്രൻ പറഞ്ഞു.

കേരളത്തിന്റെ വനംമന്ത്രി അറിയാതെയാണ് ഇതൊക്കെ നടന്നതെന്നു വിശ്വസിക്കാൻ അരിയാഹാരം കഴിക്കുന്നവർക്കാവില്ല. മുഖ്യമന്ത്രിയും വനംമന്ത്രിയും ഉരുണ്ടു കളിക്കുകയാണ്. ഉദ്യേഗസ്ഥരുടെ തലയിൽ കെട്ടിവച്ചു രക്ഷപ്പെടാനുള്ള ശ്രമമാണു സർക്കാർ നടത്തുന്നത്. മുല്ലപ്പെരിയാർ കേസിൽ കേരളത്തിനു തിരിച്ചടിയാവുന്ന ഉത്തരവ് ഇറക്കിയതിനു പിന്നിൽ വൻ ഗൂഢാലോചനയുണ്ടെന്നും സുരേന്ദ്രൻ ആരോപിച്ചു.