എന്റെ സ്വപ്‌നം നടക്കാന്‍ വേണ്ടി ആന്റണി റോഡില്‍ നില്‍ക്കുന്നത് കാണാന്‍ ആഗ്രഹമില്ല: പ്രിയദർശൻ

single-img
6 November 2021

മോഹൻലാൽ നായകനായ മരക്കാര്‍ തിയേറ്ററില്‍ റിലീസ് ചെയ്യാത്തതില്‍ തനിക്ക് വിഷമമുണ്ടെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. എന്നാൽ അതിനെക്കാള്‍ വിഷമമാണ് നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന് പണം നഷ്ടമായാല്ലെന്നും തന്റെ സ്വപ്‌നം നടക്കാന്‍ വേണ്ടി ആന്റണി റോഡില്‍ നില്‍ക്കുന്നത് കാണാന്‍ ആഗ്രഹമില്ലെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.

പ്രിയദർശന്റെ വാക്കുകൾ: ”നിര്‍മാതാക്കള്‍ ഉള്ളതിനാലാണ് സംവിധായകര്‍ക്ക് സിനിമ എടുക്കാന്‍ കഴിയുന്നത്. ഇപ്പോള്‍ ഞാനും മോഹന്‍ലാലും ആന്റണിയുടെ കൂടെയാണ്. എന്റെ സ്വപ്‌നം നടക്കാന്‍ വേണ്ടി ആന്റണി റോഡില്‍ നില്‍ക്കുന്നത് കാണാന്‍ എനിക്ക് ആഗ്രഹമില്ല. ആരെയും അറിഞ്ഞുകൊണ്ട് റോഡില്‍ ഇറക്കി നിര്‍ത്താന്‍ പാടില്ലല്ലോ.

ഒരുപാട് സ്വപ്‌നത്തോടെ എടുത്ത സിനിമയാണ് മരക്കാര്‍. കേരളത്തിലുള്ള ആളുകൾക്ക് ഇത്രയും വലിയ സിനിമയൊന്നും എടുക്കാന്‍ കഴിയില്ല. എങ്കിലും ഒരു വലിയ റിസ്‌ക് എടുത്തു. ഇതിന് മുമ്പ് മോഹന്‍ലാല്‍ കാലാപാനി എന്ന സിനിമയെടുക്കാന്‍ റിസ്‌ക്ക് എടുത്തിട്ട് പണം നഷ്ടപ്പെട്ടയാളാണ്.

അന്ന് മോഹന്‍ലാല്‍, ഇന്ന് ആന്റണി പെരുമ്പാവൂര്‍. തീയേറ്റര്‍ മോഹത്തോടെയാണ് ഞാനും മോഹന്‍ലാലും ഈ സിനിമയെടുത്തത്. റിസ്‌കെടുത്ത ഒരാള്‍ ഞാന്‍ കാരണം കുത്തുപാള എടുക്കാന്‍ പാടില്ല.

ഈ സിനിമ സ്‌ക്രീനില്‍ കാണണമെന്ന് ഏറ്റവും ആഗ്രഹിച്ചത് മോഹന്‍ലാലും ഞാനുമാണ്. ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. അത്രയും റിസ്‌ക്ക് എടുത്തിട്ടുണ്ട്. 100 കോടിയുടെ സിനിമ ഒരിക്കലും മലയാളത്തില്‍ ചിന്തിക്കാന്‍ പോലും പറ്റില്ല. കാലാപാനി കഴിഞ്ഞിട്ട് 25 വര്‍ഷം എടുത്തു ഇത്തരം വലിയ സിനിമയെടുക്കാന്‍. കാരണം ബജറ്റ് തന്നെയാണ്. എന്നിട്ടും ആന്റണി അതിന് തയ്യാറായി. സ്വന്തം താല്‍പര്യം മാത്രമല്ല. മലയാള മേഖലയിലെ നാഴികകല്ല് കൂടിയാണ് ഈ സിനിമ.

ഞാന്‍ കാരണം ഒരു നിര്‍മാതാവും കുത്തുപാള എടുക്കരുതെന്ന ആഗ്രഹം എനിക്കുണ്ട്. ഒരാള്‍ പണം മുടക്കിയാല്‍ മാത്രമേ സിനിമ എടുക്കാന്‍ സാധിക്കൂ. അയാള്‍ വഴിയാധാരമായി പോകാന്‍ ഞാന്‍ ആഗ്രഹിക്കില്ല.

നിര്‍മാതാവിന് ദ്രോഹിച്ച് കൊണ്ട് സിനിമ തിയേറ്ററില്‍ റിലീസ് ചെയ്യാന്‍ എനിക്ക് ആഗ്രഹമില്ല. മരക്കാര്‍ തിയേറ്ററില്‍ റിലീസ് ചെയ്യാത്തതില്‍ വിഷമമുണ്ട്. പക്ഷെ അതിനെക്കാള്‍ വിഷമമാണ് ആന്റണിയുടെ കൈയില്‍ നിന്ന് പണം പോയാല്‍. അങ്ങനെയൊരു ശാപം എനിക്ക് വേണ്ട. ഇതോടെ ഒടിടിക്ക് മനസ് തുറന്ന് സമ്മതിക്കുകയായിരുന്നു.