ഡൽഹി സർവകലാശാല ആരംഭിക്കുന്ന കോളേജിന് നൽകുന്നത് സവർക്കറുടെ പേര്

single-img
31 October 2021

ഡൽഹി സർവകലാശാല തങ്ങളുടെ കീഴിൽ തുടങ്ങാനിരിക്കുന്ന രണ്ട് കോളേജുകൾക്ക് നൽകുന്നതിനായി സവർക്കറുടെയും അന്തരിച്ച ബിജെപി നേതാവ് സുഷമ സ്വരാജിന്റെയും പേരുകൾ തെരഞ്ഞെടുത്തു. ഈ വിവരം സർവകലാശാല വൈസ് ചാൻസലർ യോഗേഷ് സിംഗ് മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു.

സർവകലാശാലയുടെ പരിഗണനയിലുണ്ടായിരുന്ന പേരുകളിൽ നിന്ന് സുഷമ സ്വരാജിന്റെയും സവർക്കറിന്റെയും പേരുകൾ വെള്ളിയാഴ്ച നടന്ന എക്‌സിക്യൂട്ടീവ് കൗൺസിൽ യോഗത്തിൽ തിരഞ്ഞെടുത്തതായി വിസി പ്രഖ്യാപനം നടത്തി. കഴിഞ്ഞ ആഗസ്റ്റിൽ നടന്ന അക്കാദമിക് കൗൺസിൽ യോഗത്തിലാണ് തുടങ്ങാനിരിക്കുന്ന കോളേജുകൾക്ക് പേരിടാനുള്ള ആശയം ആദ്യം ഉയർന്നുവന്നത്.

എന്നാൽ ഈ ഘട്ടത്തിൽ ഷോർട്ട്‌ലിസ്റ്റ് ചെയ്ത പേരുകൾ ഒരു പ്രത്യേക പ്രത്യയശാസ്ത്രവുമായി ബന്ധപ്പെട്ട ആളുകളുടേതാണെന്ന് ചൂണ്ടിക്കാട്ടി എതിർപ്പ് ഉന്നയിച്ച ചുരുക്കം ചിലരിൽ താനും ഉൾപ്പെടുന്നുവെന്ന് വെള്ളിയാഴ്ചത്തെ യോഗത്തിൽ പങ്കെടുത്ത ഇസി അംഗങ്ങളിൽ ഒരാളായ രാജ്പാൽ സിംഗ് പവാർ പറഞ്ഞു.

“പക്ഷെ കഴിഞ്ഞ യോഗത്തിൽ, കൂടുതൽ പേരുകൾ ചേർക്കാൻ ഞങ്ങൾ ആവശ്യപ്പെട്ടിരുന്നു. ഇപ്പോൾ തിരഞ്ഞെടുത്ത രണ്ട് പേരുകൾക്കും വിദ്യാഭ്യാസ മേഖലയുമായി യാതൊരു ബന്ധവുമില്ലെന്ന് ഞങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. മുൻ രാഷ്ട്രപതിയായ എപിജെ അബ്ദുൾ കലാമിന്റെ പേര് പോലുള്ള മറ്റ് പേരുകൾ നൽകാമെന്ന് ഞങ്ങൾ നിർദ്ദേശിച്ചു. തിരഞ്ഞെടുപ്പ് നടത്താൻ വി.സിക്ക് അധികാരമുണ്ട്,” രാജ്പാൽ സിംഗ് പവാർ പറഞ്ഞു. നിലവിൽ നിർദ്ദേശം സർവകലാശാല പാസാക്കിയെങ്കിലും സർക്കാരിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ്.