ആരാണ് സ്റ്റാൻ സ്വാമിയെ കൊലപ്പെടുത്തിയത്?; മോദിയും മാര്‍പാപ്പയും ഒന്നിച്ച് നില്‍ക്കുന്ന ചിത്രത്തിന് ക്യാപ്‌ഷനുമായി മീന കന്തസാമി

single-img
30 October 2021

വത്തിക്കാനിൽ ഇന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മാര്‍പാപ്പയെ സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ട് വിമര്‍ശനവുമായി എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ മീന കന്തസാമി. സ്റ്റാൻ സ്വാമിയെ ആരാണ് കൊലപ്പെടുത്തിയത് എന്ന ചോദ്യമായിരുന്നു മോദിയും മാര്‍പാപ്പയും ഒന്നിച്ച് നില്‍ക്കുന്ന ചിത്രത്തിന് മീന കന്തസാമി സോഷ്യൽ മീഡിയയിൽ നല്‍കിയത്.

സ്വാതി ചതുര്‍വേദി ചെയ്ത ട്വീറ്റ് റീട്വീറ്റ് ചെയ്തായിരുന്നു മീനയുടെ രൂക്ഷമായ വിമര്‍ശനം. അതേസമയം, ജയിലിൽ കഴിയവെയുള്ള സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ ബിജെപി സര്‍ക്കാരാണ് ഉത്തരവാദിയെന്ന് നേരത്തെയും വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.കഴിഞ്ഞ വർഷം ഒക്ടോബറില്‍ നടന്ന എല്‍ഗര്‍ പരിഷത്തിന്റെ മാവോയിസ്റ്റ് ബന്ധം ആരോപിച്ചായിരുന്നു ജെസ്യൂട്ട് പുരോഹിതനും ആദിവാസി മനുഷ്യാവകാശ പ്രവര്‍ത്തകനുമായിരുന്ന സ്റ്റാന്‍ സ്വാമിയെ കേന്ദ്ര ഏജൻസിയായ എന്‍ഐഎ അറസ്റ്റ് ചെയ്തത്.

പാര്‍ക്കിന്‍സണ്‍സ് ഉൾപ്പെടേ ധാരാളം രോഗ ബാധിതനായിരുന്ന സ്വാമിയെ തലോജ ജയിലിലായിരുന്നു ദീര്‍ഘ കാലം കസ്റ്റഡിയില്‍വെച്ചിരുന്നത്. അവസാനം മെയ് 28-ന് ജസ്റ്റിസ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ ഉത്തരവ് പ്രകാരമാണ് മുംബൈയിലെ സര്‍ക്കാര്‍ ആശുപത്രിയായ ജെ ജെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് സ്വാമിയുടെ അപേക്ഷ പ്രകാരം സ്വകാര്യ ആശുപതിയായ ഹോളി ഫാമിലി ഹോസ്പിറ്റലിലേക്ക് മാറ്റുകയുമായിരുന്നു. ഇവിടെ വച്ചാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് സ്റ്റാന്‍ സ്വാമി മരണപ്പെടുന്നത്.