തലച്ചോറിൽ രക്തക്കുഴലിലെ ബ്ലോക്ക് നീക്കം ചെയ്തു; രജനികാന്തിന്റെ ആരോഗ്യനിലയിൽ പുരോഗതി

single-img
29 October 2021

ആരോഗ്യസ്ഥിതി ഗുരുതരമായതിനെ തുടർന്ന് കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ച തമിഴ് സൂപ്പർസ്റ്റാർ രജനികാന്തിന്റെ ആരോഗ്യനിലയിൽ പുരോഗതിയുള്ളതായി മെഡിക്കൽ ബുള്ളറ്റിൻ. അദ്ദേഹത്തിന്റെ തലച്ചോറിലെ രക്തക്കുഴലിലെ ബ്ലോക്ക് നീക്കാനുള്ള കരോട്ടിഡ് ആർട്ടറി റിവാസ്കുലറൈസേഷൻ പ്രക്രിയ വിജയമാണെന്നും അദ്ദേഹം ഇപ്പോൾ സുഖം പ്രാപിക്കുന്നതായും ചെന്നൈയിലെ കാവേരി ആശുപത്രി പുറത്തിറക്കിയ മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു.

ഏതാനും ദിവസങ്ങൾക്കുള്ളിൽ അദ്ദേഹം ആശുപത്രി വിടും.നിലവിൽ സംസ്ഥാന സർക്കാർ ആശുപത്രിക്ക് മുൻപിൽ സുരക്ഷയ്ക്കായി 30 പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു. രജനീകാന്തിനെ കാണണമെന്ന ആവശ്യവുമായി ആശുപത്രിയിലേക്ക് ആരാധകർ തള്ളിക്കയറുന്നത് തടയുന്നതിനാണ് നടപടി.

ഇതിന് പുറമെ ആശുപത്രിയിൽ എത്തുന്ന എല്ലാവരെയും സുരക്ഷാ പരിശോധനകൾക്കുശേഷമാണ് അകത്തേയ്ക്ക് പ്രവേശിപ്പിക്കുന്നത്. ഡൽഹിയിൽ നടന്ന ദേശീയ ചലച്ചിത്ര അവാർഡ് ചടങ്ങിൽ ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം സ്വീകരിച്ചശേഷം കഴി‍ഞ്ഞദിവസമാണ് രജനീകാന്ത് ചെന്നൈയിൽ തിരിച്ചെത്തിയത്.