പതിനാല് വര്‍ഷത്തിന് ശേഷം രാജ്യത്ത് തീപ്പെട്ടികൾക്കും വിലകൂടുന്നു


നമ്മുടെ രാജ്യത്ത് അമ്പതു പൈസയായിരുന്ന ഒരു കൂട് തീപ്പെട്ടിക്ക് 2007ലാണ് അവസാനമായി വിലകൂടിയത്. അന്ന് അമ്പതു പൈസയില്‍ നിന്നും ഒരു രൂപയിലേക്കായിരുന്നു ആ മാറ്റം. ഇപ്പോഴിതാ, നീണ്ട പതിനാല് വര്‍ഷത്തിന് ശേഷം വീണ്ടും തീപ്പെട്ടി വില കൂടുകയാണ്. നിലവിലുള്ള ഒരു രൂപയില്‍ നിന്ന് രണ്ടു രൂപയാക്കാനാണ് തീരുമാനം.
അടുത്തകാലത്തായി തുടരുന്ന അസംസ്കൃത വസ്തുക്കളുടെ വിലവര്‍ദ്ധനവാണ് ഈ തീരുമാനത്തിലേക്ക് കമ്പനികളെ എത്തിച്ചത്. തമിഴ്നാട്ടിലെ ശിവകാശിയില്‍ ചേര്‍ന്ന തീപ്പെട്ടി കമ്പനികളുടെ യോഗത്തിലാണ് വില വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനമുണ്ടായത്.തീപ്പെട്ടി നിര്‍മ്മിക്കാനാവശ്യമായ പതിനാലിനം അസംസ്കൃത വസ്തുക്കളുടെയും വില വര്‍ദ്ധിച്ചു.
നേരത്തെ 2007ല്‍ റെഡ് ഫോസ്ഫറസിന് 425 രൂപയായിരുന്നു, ഇപ്പോൾ അത് 810 ലെത്തി. ഇതോടൊപ്പം തന്നെ തീപ്പെട്ടിയിലുപയോഗിക്കുന്ന വാക്സ് 58 രൂപയില്‍ നിന്ന് 80 രൂപയായും വര്‍ദ്ധിച്ചു. മാത്രമല്ല, തീപ്പെട്ടി കൂടുണ്ടാക്കുന്ന ബോക്സ് കാര്‍ഡ്, പേപ്പര്‍, സ്പ്ലിന്റ്, പൊട്ടാസ്യം ക്ലോറേറ്റ്, സള്‍ഫര്‍ എന്നിവയ്ക്കും വില വര്‍ദ്ധിച്ചിട്ടുണ്ട്.
ഇപ്പോൾ 600 തീപ്പെട്ടികള്‍ അടങ്ങിയ ബണ്ടിലിന് 270 മുതല്‍ 300 രൂപ വരെയാണ് തീപ്പെട്ടി കമ്പനികള്‍ ഈടാക്കുന്നത്. എന്നാല്‍ നിലവിലെ ഉല്‍പ്പാദന ചിലവാകട്ടെ ഓരോ ബണ്ടിലിനും 430 മുതല്‍ 480 വരെയെത്തുന്നുണ്ടെന്ന് കമ്പനികള്‍ പറയുന്നു.