കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനായി തിരിച്ചുവരാനുള്ള സാധ്യത തള്ളാതെ രാഹുല്‍ ഗാന്ധി

single-img
16 October 2021

ഒരിക്കൽ കൂടി കോണ്‍ഗ്രസ് പാർട്ടിയുടെ ദേശീയ അധ്യക്ഷനായി തിരികെ വരാനുള്ള സാധ്യത തള്ളാതെ രാഹുല്‍ ഗാന്ധി. ഇന്ന് ചേർന്ന കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി യോഗത്തിലായിരുന്നു ഒരു വിഭാഗം നേതാക്കളുടെ ആവശ്യത്തോട് രാഹുല്‍ അനുകൂലമായി പ്രതികരിച്ചത്.

നേരത്തെ തന്നെ കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്ക് താനില്ലെന്നും ഗാന്ധി കുടുംബത്തില്‍ നിന്ന് ആരെയും പരിഗണിക്കരുതെന്നും രാഹുല്‍ പറഞ്ഞിരുന്നതാണ്. പാർട്ടിയുടെ മുതിർന്ന നേതാവായ എകെ ആന്റണി, പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് എന്നിവരാണ് രാഹുല്‍ അധ്യക്ഷ പദവി ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടത്.

2022 ഓഗസ്റ്റ് 21നും സെപ്റ്റംബര്‍ 20നും ഇടയില്‍ കോണ്‍ഗ്രസ് ഉന്നത സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുമെന്നും ഇന്ന് ചേർന്ന വര്‍ക്കിങ് കമ്മിറ്റിയില്‍ ധാരണയായി. പഞ്ചാബിന്റെ മുഖ്യമന്ത്രിയാണ് രാഹുല്‍ അധ്യക്ഷനായി തിരിച്ചെത്തണമെന്ന് ശക്തമായി ആവശ്യപ്പെട്ടത്. ഇതിനോട്, താന്‍ പരിഗണിക്കാമെന്നായിരുന്നു രാഹുലിന്റെ മറുപടി.2019ൽ ലോക്‌സഭ തെരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തോല്‍വിയെ തുടര്‍ന്നാണ് രാഹുല്‍ അധ്യക്ഷ പദവി രാജിവെച്ചത്.