സ്ത്രീകൾ പിസ കഴിക്കുന്നത് പരസ്യത്തിനോ മറ്റ് ആവശ്യങ്ങൾക്കോ ചിത്രീകരിക്കാൻ പാടില്ല; പുതിയ സെൻസർഷിപ്പ് നിയമവുമായി ഇറാൻ

single-img
8 October 2021

സ്ത്രീകളെ പരസ്യത്തിനുപയോഗിക്കുന്നത് വിലക്കുന്ന രീതിയിലുള്ള പുതിയ ടി വി സെൻസർഷിപ്പ് നിയമവുമായി ഇറാൻ. പുതിയ നിയമ പ്രകാരം സ്ത്രീകൾ പിസ കഴിക്കുന്നത് പരസ്യത്തിനോ മറ്റ് ആവശ്യങ്ങൾക്കോ വേണ്ടി ചിത്രീകരിക്കാൻ പാടില്ല.മുൻപ് ചിത്രീകരിച്ച ഇത്തരം രംഗങ്ങൾ ടെലിവിഷനിലും സീരിയലുകളിലും സിനിമകളിലും കാണിക്കുന്നതിനും വിലക്കുണ്ട്.

ഈ വിലക്ക് ലംഘിച്ചാൽ ലൈസൻസ് പിൻവലിക്കുന്നതുൾപ്പടെയുള്ള കർശന ശിക്ഷാ നടപടികൾ നേരിടേണ്ടിവരും. ഇതോടൊപ്പം സ്ത്രീകൾ സാൻഡ്‌വിച്ചുകൾ കഴിക്കുന്ന രംഗങ്ങൾക്കും പുരുഷൻ സ്ത്രീകൾക്ക് ചായകൊടുക്കുന്ന രംഗങ്ങൾ കാണിക്കുന്നതിനും വിലക്കുണ്ട്.

എന്തെങ്കിലും കാരണത്താൽ പരസ്യ- സിനിമകളിൽ സാഹചര്യത്തിന് അത്യാന്താപേക്ഷിതമാണെങ്കിൽപ്പോലും ഇതുപോലുള്ള രംഗങ്ങൾ കാണിക്കരുതെന്നാണ് കർശന നിർദ്ദേശം. മാത്രമല്ല, സ്ത്രീകൾ ചുവപ്പുനിറത്തിലുള്ള പാനീയങ്ങൾ കുടിക്കുന്നത് ഷൂട്ടുചെയ്യുന്നത്തിനും ലെതർ ഗ്ലൗസ് ധരിക്കുന്നതിനും വിലക്കുണ്ട്. ഇവ ശ്രദ്ധിക്കാൻ നാടക പ്രവർത്തകർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.

ഇതിനെല്ലാം പുറമെ സ്ത്രീകളെയും പുരുഷന്മാരെയും ചിത്രീകരിക്കുന്ന എല്ലാ രംഗങ്ങളും ചിത്രങ്ങളും സംപ്രേഷണം ചെയ്യുന്നതിന് മുമ്പ് അധികൃതരെ കാണിച്ച് അംഗീകാരം നേടിയിരിക്കണം. ഒരുതരത്തിലുള്ള വിട്ടുവീഴ്ചയും ഇക്കാര്യത്തിൽ പ്രതീക്ഷിക്കേണ്ട. അതേസമയം, എന്ത് അടിസ്ഥാനത്തിലാണ് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതെന്ന് വ്യക്തമാക്കാൻ ഇറാൻ ഇതുവരെ തയ്യാറായിട്ടില്ല.