സ്‌കൂളുകൾക്ക് ഇനി ശനിയാഴ്ചയും പ്രവൃത്തി ദിവസം; വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണം നൽകും

single-img
7 October 2021

സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഇനി മുതല്‍ ശനിയാഴ്ചയും പ്രവൃത്തി ദിവസമായിരിക്കും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി നിയമസഭയില്‍ അറിയിച്ചു.

എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഉച്ചവരെയായിരിക്കും ഇനി ക്ലാസുകള്‍ നടക്കുക. എല്‍പി ക്ലാസുകളില്‍ ഒരു ബെഞ്ചില്‍ രണ്ടുകുട്ടികളെ വീതമായിരിക്കും ഇരുത്താന്‍ അനുവദിക്കുകയെന്നും മന്ത്രി പറഞ്ഞു. നിലവിൽ തയ്യാറാക്കിയ മാര്‍ഗരേഖയനുസരിച്ച് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഉച്ചഭക്ഷണം തയ്യാറാക്കി ഓരോ സ്‌കൂളിന്റെയും സാഹചര്യമനുസരിച്ച് വിതരണം ചെയ്യും. ഇതിനായി പി.ടി.എ.യുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ട്രേഡ് യൂണിയനുകളുടെയും സംയുക്ത യോഗം വിളിച്ചുചേര്‍ക്കും.

ആയിരം കുട്ടികളിൽ കൂടുതലുള്ള സ്‌കൂളില്‍ 25 ശതമാനം പേര്‍ ഒരു ദിവസം സ്‌കൂളില്‍ വന്നാല്‍ മതി. ഓരോ ബാച്ചും തുടര്‍ച്ചയായ മൂന്നുദിവസം എന്ന രീതിയിലാണ് ക്രമീകരണം. അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും വാക്‌സിനേഷന്‍ ഉറപ്പുവരുത്തും.

ഇതോടൊപ്പം തന്നെ സ്‌കൂള്‍ കെട്ടിടങ്ങളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉറപ്പാക്കുന്നതിനുള്ള നടപടി സ്വീകരിച്ചെന്നും മന്ത്രി പറഞ്ഞു.