യേശുദാസും ചിത്രയും വിചാരിച്ചാൽ തെങ്ങിന്റെ കായ്ഫലം കൂട്ടാൻ സാധിക്കും: സുരേഷ് ഗോപി

single-img
15 September 2021

യേശുദാസിന്റെയും ചിത്രയുടെയും പാട്ടും ഒപ്പം ചാണകവും ഉണ്ടെങ്കില്‍ തെങ്ങ് തഴച്ചുവളരുമെന്ന് സുരേഷ് ഗോപി എം പി. ഒരു വീട്ടിൽ ഒരു തെങ്ങിൻതൈ എന്ന കേന്ദ്ര പദ്ധതിയുടെ ഉദ്ഘാടനം തൃശൂർ തിരുവില്വാമലയിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വരുന്ന ഒരു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് ഒരു കോടി തെങ്ങിൻതൈകൾ നടുമെന്നും കേന്ദ്ര നാളികേര വികസന ബോർഡ് അംഗം കൂടിയായ സുരേഷ് ഗോപി അറിയിച്ചു. ഇപ്പോള്‍ ധാരാളം ജനിതക മാറ്റം വരുത്തിയ പലതരം തെങ്ങിൻ തൈകളും വിത്തിനങ്ങളുമുണ്ടെന്നും അതിലൊന്നും താൻ കൈവയ്ക്കില്ലെന്നും പശുവിനെ വളർത്താനുള്ള ശീലമുണ്ടാവണമെന്നും അപ്പോൾ വളമായി ചാണകമിട്ട് നൽകാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സുരേഷ് ഗോപിയുടെ വാക്കുകള്‍: ‘ നമുക്ക് ഒന്ന് തെങ്ങിനെ തഴുകാം. അതിനോട് അൽപം സ്നേഹമാവാം. പരിലാളന വേണം തെങ്ങിന്. പണ്ട് മൈക്ക് കെട്ടിവെച്ചു പാട്ടൊക്കെ വെച്ചു കൊടുക്കുമായിരുന്നു തെങ്ങിന് കായ്ഫലം കൂടാനായി. യേശുദാസും ചിത്രയും വിചാരിച്ചാൽ തെങ്ങിന്റെ കായ്ഫലം കൂട്ടാൻ പറ്റും. എല്ലാ മലയാളി കുടുംബങ്ങളും ഒരു തെങ്ങ് നടാൻ തയ്യാറായാൽ തന്നെ ഇവിടെ ഒരു കോടി തെങ്ങിൻ തൈകൾ നടാനാവും,.

തേങ്ങയും അതിന്റെ ഉത്പാദനങ്ങളും കയറ്റുമതി ചെയ്യാൻ സാധിക്കുന്ന തരത്തിൽ പദ്ധതി വികസിപ്പിക്കാൻ സാധിക്കുക്കും കേരളത്തിന് സമാനമായ കാലാവസ്ഥയുള്ള തമിഴ്നാട്, കർണാടകം എന്നിവിടങ്ങളിൽ കുറ്റ്യാടി തെങ്ങിൻ തൈ അടക്കം എത്തിക്കാനുള്ള പദ്ധതി നടപ്പാക്കാൻ ശ്രമിക്കുകയാണ്.’