അഭിഭാഷക രശ്മിത രാമചന്ദ്രന്‍ ഇനി സംസ്ഥാന സര്‍ക്കാരിനായി വാദിക്കും; 52 ഗവണ്‍ന്മെന്റ് പ്ലീഡര്‍മാരുടെ നിയമന ഉത്തരവിറങ്ങി

single-img
29 July 2021

രാജ്യസഭാ അംഗം ബിനോയ് വിശ്വത്തിന്റെ മകള്‍ സൂര്യ ബിനോയ്, സുപ്രീം കോടതി അഭിഭാഷകയായ രശ്മിത രാമചന്ദ്രന്‍ എന്നിവർ ഉള്‍പ്പടെ 20 സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍മാര്‍, 53 സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍മാര്‍, 52 ഗവണ്‍മെന്റ് പ്ലീഡര്‍മാര്‍ എന്നിവരുടെ നിയമന ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കി.

ഇതില്‍ ഒരു സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ സ്ഥാനം ഒഴിച്ചിട്ടുണ്ട്. പട്ടികയില്‍ സുപ്രീം കോടതി മുന്‍ ജഡ്ജിയും നിലവിലെ ലോകായുക്തയുമായ സിറിയക് ജോസഫിന്റെ സഹോദരി പുത്രി തുഷാര ജയിംസും ഉള്‍പ്പെടും.

കേരളത്തില്‍ നിന്നും സുപ്രീം കോടതിയില്‍സിപിഎമ്മിന്റെ അഭിഭാഷക സംഘടനയ്ക്ക് വേണ്ടി ലോയ കേസ്, രാജ്യദ്രോഹക്കേസ്, കിസാന്‍ സഭയ്ക്ക് വേണ്ടി ആധാര്‍ കേസ്, മുഹമ്മദ് യുസഫ് തരിഗാമിക്ക് വേണ്ടി കശ്മീര്‍ പ്രോപ്പര്‍ട്ടി റൈറ്റ്സ് കേസ് എന്നിവ നടത്തിയത് രശ്മിത രാമചന്ദ്രന്‍ ആയിരുന്നു.

പുതിയ ഉത്തരവ് പ്രകാരമുള്ള ലിസ്റ്റില്‍ 20 സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍മാരില്‍ അഞ്ച് പേര്‍ വനിതകളാണ്. എം ആര്‍ ശ്രീലത (ധനകാര്യം), ലത ടി തങ്കപ്പന്‍ (എസ്സി. / എസ്ടി.), കെ ആര്‍. ദീപ (തദ്ദേശ ഭരണം), അംബിക ദേവി (സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും എതിരായ അതിക്രമം തടയല്‍), എന്‍. സുധ ദേവി ( ഭൂമി ഏറ്റെടുക്കല്‍) എന്നിവരാണ് സ്‌പെഷ്യല്‍ ഗവണ്‍ന്മെന്റ് പ്ലീഡര്‍മാരായ വനിതകള്‍.