ഉത്സവ ആചാര ഭാഗമായി മനുഷ്യശരീരത്തിന്റെ തല ഭക്ഷിച്ചതായി പരാതി; പൂജാരിമാര്‍ ഉള്‍പ്പെടെ 10 പേര്‍ക്കെതിരെ കേസ്

single-img
27 July 2021

തമിഴ്നാട്ടിലെ തെങ്കാശിയില്‍ സ്വാമിയാട്ടം എന്ന പേരിലറിയപ്പെടുന്ന ക്ഷേത്രത്തില്‍ ഉത്സവ ആചാരത്തിന്റെ ഭാഗമായി ശവശരീരത്തിന്റെ തല ഭക്ഷിച്ചെന്ന് പരാതി. ഈ ആചാരത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് സംഭവത്തില്‍ സാമിയാദി എന്നറിയപ്പെടുന്ന നാല് പൂജാരിമാരുള്‍പ്പെടെ 10 പേര്‍ക്കെതിരെ തെങ്കാശി പോലീസ് കേസെടുത്തു.

പ്രദേശത്തെ പാവൂര്‍സത്രം കല്ലാരണി ഗ്രാമത്തില്‍ അവസാന വെള്ളിയാഴ്ചയാണ് പരാതിക്കടിസ്ഥാനമായ സംഭവം നടന്നത്. ശക്തിപോതി സുടലൈ മാടസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തില്‍ ആചാരവുമായി ബന്ധപ്പെട്ട് നാല് പേര്‍ മനുഷ്യന്റെ തല ഭക്ഷിക്കുന്ന വീഡിയോയാണ് ചിലര്‍ ഫോണില്‍ ഷൂട്ട് ചെയ്ത് പ്രചരിപ്പിച്ചത്. പിന്നാലെ സംഭവം വിവാദമായതോടെ തെങ്കാശി എസ്പി ആര്‍ കൃഷ്ണരാജിന്റെ നിര്‍ദേശ പ്രകാരമാണ് കേസെടുത്തത്.

വീഡിയോ ശ്രദ്ധയില്‍പ്പെട്ട വില്ലേജ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു . ഈ ഉത്സവത്തില്‍ ആചാരത്തിന്റെ ഭാഗമായി പൂജാരിമാര്‍ വേട്ടക്കുപോകുന്ന ചടങ്ങുണ്ട്.വേട്ട കഴിഞ്ഞ് വരുമ്പോള്‍ കൊണ്ടു വരുന്ന മനുഷ്യത്തല നാല് പേര്‍ ചേര്‍ന്ന് ഭക്ഷിക്കും. സമീപത്തെ ശ്മശാനത്തില്‍ നിന്നാണ് ശവശരീരത്തിന്റെ തല ലഭിച്ചതെന്ന് ഇവര്‍ അറസ്റ്റിലായ പൂജാരിമാര്‍ പൊലീസിനോട് പറഞ്ഞു.

അതേസമയം, കുടുംബ ക്ഷേത്രമായ ഇവിടെ എല്ലാ വര്‍ഷവും ഈ ചടങ്ങ് നടക്കുന്നുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍, യഥാര്‍ത്ഥ മനുഷ്യത്തലയാണോ ഇവര്‍ കൊണ്ടുവന്ന് ഭക്ഷിച്ചതെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. എന്നാല്‍ശാസ്ത്രീയ പരിശോധനയുടെ ഫലം ലഭിച്ചാല്‍ മാത്രമേ ഇത് ഉറപ്പിക്കാനാകൂവെന്നാണ് പൊലീസ് പറയുന്നത്.