പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ ഹിരോഷിമയിലെ അണുബോംബ് വര്‍ഷത്തിന് സമാനം: ശിവസേന

single-img
25 July 2021

കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തിനുള്ളില്‍ പെഗാസസ് എന്ന ഇസ്രായേലിന്റെ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ഫോണ്‍ രേഖകള്‍ ചോര്‍ത്തിയത് ഹിരോഷിമയില്‍ അണുബോംബ് വര്‍ഷിച്ചതിന് തുല്യമാണെന്ന വിമര്‍ശനവുമായി ശിവസേന നേതാവ് സഞ്ജയ് റാവത്ത്.

അണുബോംബ് വര്‍ഷത്തില്‍ ജപ്പാനില്‍ ആളുകള്‍ കൂട്ടത്തോടെ മരിക്കുകയാണെങ്കില്‍ ഇവിടെ ആളുകളുടെ സ്വാതന്ത്ര്യമാണ് മരിക്കുന്നതെന്നും സഞ്ജയ് റാവത്ത് പറയുന്നു.

ശിവസേനയുടെ മുഖപത്രമായ സാമ്‌നയിയില്‍ എഴുതിയ ലേഖനത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങിനെ: ‘ആധുനിക സാങ്കേതിക വിദ്യ നമ്മളെ ഇപ്പോള്‍ അടിമത്തത്തിലേക്കാണ് കൊണ്ടു പോയിരിക്കുന്നത്. ഹിരോഷിമയില്‍ ആറ്റം ബോംബ് വര്‍ഷിച്ചതു പോലെ തന്നെയാണ് പെഗാസസ് ഉപയോഗിച്ച് ചെയ്തിരിക്കുന്നതും. അവിടെ ആളുകള്‍ മരിച്ചുവീണു. ഇവിടെ പെഗാസസില്‍, സ്വാതന്ത്ര്യം മരിച്ചിരിക്കുന്നു,’ അദ്ദേഹം പറഞ്ഞു.

നമ്മുടെ രാജ്യത്തെ രാഷ്ട്രീയക്കാരും വ്യവസായികളും സാമൂഹ്യ പ്രവര്‍ത്തകരും തുടങ്ങി എല്ലാവരും
ഇപ്പോള്‍ ഭയത്തിന്റെ നിഴലിലാണ്. ഈ രാജ്യത്തെ ജുഡീഷ്യറിയും മാധ്യമങ്ങളും വരെ അതേ സമ്മര്‍ദ്ദത്തിലാണെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.