‘ജവാൻ റം’ മദ്യ ഉത്പാദനം നിർത്തിവെച്ച് ട്രാവൻകൂർ ഷുഗേർസ് ആൻ്റ് കെമിക്കൽസ്

single-img
2 July 2021

സാധാരണക്കാരായ മദ്യ ഉപഭോക്താക്കളുടെ പ്രിയപ്പെട്ട ബ്രാൻഡ് ആയിരുന്ന ‘ജവാൻ റം’ മദ്യ ഉത്പാദനം നിർത്തിവെച്ച് തിരുവല്ലയിലെ ട്രാവൻകൂർ ഷുഗേർസ് ആൻ്റ് കെമിക്കൽസ്. കേരളാ സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണിത്. ഈ സ്ഥാപനത്തിലെ ഉന്നത ഉദ്യോഗസ്ഥർ സ്പിരിറ്റ് തട്ടിപ്പിൽ പ്രതികളായതിനെ തുടർന്നാണ് നടപടി.

മദ്യ നിര്‍മാണശാലയിലേക്ക് കൊണ്ടുവന്ന സ്പിരിറ്റിന്റെ അളവില്‍ വന്‍ ക്രമക്കേട് നേരത്തെ കണ്ടെത്തിയിരുന്നു. 20,000 ലിറ്റർ മറിച്ചു വിറ്റെന്നായിരുന്നു എക്സൈസ് എൻഫോഴ്‌സ്‌മെന്റിന്റെ കണ്ടെത്തല്‍. ഓരോ ആറ് മാസത്തേക്കാണ് ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിലേക്ക് സ്പിരിറ്റ് എത്തിക്കാനുള്ള കരാർ സ്വകാര്യ ഏജൻസിക്ക് നൽകുന്നത്.

കരാർ ഏറ്റെടുത്തത് എറണാകുളത്തെ കേറ്റ് എഞ്ചിനിയറിങ്ങ് എന്ന സ്ഥാപനമായിരുന്നു. ആറ് മാസം കൊണ്ട് 36 ലക്ഷം ലിറ്റ‌ർ സ്പിരിറ്റ് എത്തിക്കാനായിരുന്നു കരാറിന്റെ കാലയളവിലാണ് സ്പിരിറ്റ് മറിച്ച് വിറ്റത്. ഈ വകയില്‍ 25 ലക്ഷം രൂപയാണ് ഡ്രൈവർമാരായ നന്ദകുമാറും സിജോ തോമസും സ്ഥാപനത്തിന്റെ വെയർ ഹൗസ് മാനേജറായ അരുൺ കുമാറിന് എത്തിച്ച് നൽകിയത്.

സ്പിരിറ്റിന്റെ അളവിൽ കുറവുണ്ടായെന്ന് മൊഴി നൽകിയ അരുൺ കുമാർ പണമിടപാട് സംബന്ധിച്ച കാര്യങ്ങൾ സമ്മതിച്ചിട്ടില്ല. അറസ്റ്റിലയാവരുടെ മൊഴി പ്രകാരം പ്രതി പട്ടികയിൽ ചേർത്ത സ്ഥാപനത്തിലെ ജനറൽ മാനേജർ അലക്സ് എബ്രഹാം, പേഴ്സണൽ മാനേജർ ഷാഹിം, പ്രൊഡക്ഷൻ മാനേജർ മേഘ മുരളി എന്നിവർക്കെതിരെ കൂടുതൽ തെളിവുകൾ ശേഖരിക്കുകയാണ് പൊലീസ്.