കോൺ​ഗ്രസിൽ ജനാധിപത്യമുണ്ട് എന്ന് കരുതി എന്തും ചെയ്യാം എന്ന സ്ഥിതി ഇനി പാടില്ല: കെ സുധാകരന്‍

single-img
23 June 2021

സംസ്ഥാനത്തെ കേരളത്തിൽ കോൺ​ഗ്രസ് പാർട്ടിയിൽ സമ്പൂർണ അഴിച്ചു പണി നടത്താനൊരുങ്ങി പുതിയ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കേരളത്തിലെ സംഘടനാ പ്രവര്‍ത്തനം ചര്‍ച്ച ചെയ്യാന്‍ ഇന്ന് ചേർന്ന കോൺ​ഗ്രസ് രാഷ്ട്രീയകാര്യസമിതിയോ​ഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനമുണ്ടായത്.

പുതിയ തീരുമാന പ്രകാരം ജംബോ കമ്മിറ്റികൾക്ക് പകരം 51 അം​ഗ നിർവാഹകസമിതിയാവും ഇനി കെപിസിസിക്ക് ഉണ്ടാവുക. അഴിച്ചുപണി വേണമെന്ന കാര്യത്തില്‍ കെപിസിസി അധ്യക്ഷൻ കെ.സുധാകരനും, പ്രതിപക്ഷ നേതാവ് വിഡി സതീശനും ശക്തമായ നിലപാട് സ്വീകരിച്ചതോടെയാണ് മാറ്റങ്ങള്‍ക്ക് വഴി തുറന്നത്.

ഇനിമുതല്‍ കോണ്‍ഗ്രസിന് 51 കമ്മിറ്റി മതിയെന്ന കാര്യത്തിൽ പൊതുധാരണയായിട്ടുള്ളതായും കെപിസിസി അധ്യക്ഷനയേും വർക്കിം​ഗ് പ്രസിഡൻ്റുമാരേയും കൂടാതെ മൂന്ന് വൈസ് പ്രസിഡൻ്റുമാരും 15 ജനറൽ സെക്രട്ടറിമാരും ഉണ്ടാവുമെന്നും കെ സുധാകരന്‍ പറഞ്ഞു. ഇതിന് പുറമേ ഒരു ട്രഷററും ഉണ്ടാവും.

കെപിസിസി നിർവാഹക സമിതിയിൽ പത്ത് ശതമാനം വീതം സ്ത്രീകൾക്കും ദളിതർക്കും സംവരണം നൽകും. കെപിസിസി, ജില്ലാ കമ്മിറ്റി, നിയോജകമണ്ഡലം കമ്മിറ്റി, ബ്ലോക്ക് കമ്മിറ്റി, മണ്ഡലം കമ്മിറ്റി, വാർഡ് – ബൂത്ത് കമ്മിറ്റി, അയക്കൽക്കൂട്ടം അല്ലെങ്കിൽ മൈക്രോ ലെവൽ കമ്മിറ്റി എന്ന തരത്തിലാവും കേരളത്തിലെ കോൺ​ഗ്രസ് പാർട്ടിയുടെ ഇനിയുള്ള ഘടന.

ഇതില്‍ അയൽക്കൂട്ടം പുതിയ സംവിധാനമാണ്. സമൂഹത്തിലെ ഏറ്റവും താഴെ തട്ടിൽ പാർട്ടിക്ക് ജനങ്ങളുമായി ബന്ധമില്ലെന്ന പരാതിക്ക് പരിഹാരം കണ്ടെത്താനാണ് അയൽക്കൂട്ടം കമ്മിറ്റി കൊണ്ടു വരുന്നതെന്നും സുധാകരന്‍ അറിയിച്ചു.

ആദ്യ ഘട്ടത്തില്‍ 30 മുതൽ അൻപത് വരെയുള്ള വീടുകളാണ് ഒരു അയൽക്കൂട്ടത്തിൽ വരിക. ഇതോടൊപ്പം നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിൻ്റെ കാരണത്തെ കുറിച്ച് പഠിക്കാൻ 5 മേഖലാ കമ്മിറ്റികൾ ഉടനെ വരും. സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും അച്ചടക്കസമിതികളും സംസ്ഥാന തലത്തിൽ അപ്പീൽ അച്ചടക്കസമിതിയും ഉണ്ടാകുമെന്നും എന്തു വില കൊടുത്തും പാർട്ടിക്കുള്ളിലെ അച്ചടക്കരാഹിത്യം അവസാനിപ്പിക്കുമെന്നും സുധാകരന്‍ വ്യക്തമാക്കി.

കോൺ​ഗ്രസിൽ ജനാധിപത്യമുണ്ട് എന്ന് കരുതി എന്തും ചെയ്യാം എന്ന സ്ഥിതി ഇനി പാടില്ല. പ്രവർത്തകരുടേയും നേതാക്കളുടേയും അച്ചടക്കം ഉറപ്പാക്കാനും തെറ്റായ പ്രവണതകൾ തിരുത്താനും അച്ചടക്ക സമിതിയുണ്ടാവും. നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളുടേയും നേതാക്കളുടേയും പരാതികൾ പാർട്ടി പരിശോധിക്കും . അദ്ദേഹം പറഞ്ഞു.