സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കായി പുതിയ ഹെല്‍പ്ലൈന്‍ നമ്പറുകള്‍

single-img
22 June 2021

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ ‘ഡൊമെസ്റ്റിക് കോണ്‍ഫ്ളിക്ട് റെസല്യൂഷന്‍ സെന്റര്‍’ എല്ലാ ജില്ലകളിലും പ്രവര്‍ത്തിച്ചുവരുന്നുണ്ടെന്ന് മുഖ്യമന്ത്രി. അതിക്രമങ്ങള്‍ക്ക് ഇരയായ പെണ്‍കുട്ടികളുടെ പരാതികള്‍ ജില്ലാ പൊലീസ് മേധാവിമാര്‍ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ നേരിട്ട് കേട്ട് പരിഹാരം നിര്‍ദേശിക്കുന്ന നടപടിയാണ് ഇത്. ഈ സംവിധാനം കാര്യക്ഷമമായി നടപ്പിലാക്കാനും പരാതികളില്‍ അടിയന്തരമായി നടപടി സ്വീകരിക്കാനും പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വനിതകള്‍ക്കെതിരെ സൈബര്‍ അതിക്രമങ്ങള്‍ക്കെതിരായ പരാതികള്‍ക്കായി അപരാജിത എന്ന ഓണ്‍ലൈന്‍ സംവിധാനം നിലവിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീധനവുമായി ബന്ധപ്പെട്ട് അതിക്രമങ്ങള്‍ ഉള്‍പ്പെടെയുള്ള പരാതികള്‍ നല്‍കാനും ഈ സംവിധാനം ഉപയോഗിക്കാം.

[email protected] എന്ന വിലാസത്തിലേക്ക് പരാതികള്‍ മെയില്‍ അയക്കാം. ഈ സംവിധാനത്തിലേക്ക് വിളിക്കാനുള്ള നമ്പര്‍- 9497996992. ഈ നമ്പര്‍ നാളെയാണ് നിലവില്‍ വരിക.

പൊലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള്‍ റൂമിലും പരാതികള്‍ അറിയിക്കാം. നമ്പര്‍- 9497900999, 9497900286

സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികളും പ്രശ്നങ്ങളും അന്വേഷിക്കുന്നതിനായി പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ആര്‍ നിശാന്തിനിയെ സ്റ്റേറ്റ് നോഡല്‍ ഓഫിസറായി നിയമിച്ചു. 9497999955 എന്ന നമ്പറില്‍ നാളെ മുതല്‍ പരാതികള്‍ അറിയിക്കാം. ഏത് പ്രായത്തിലുള്ള വനിതകള്‍ നല്‍കുന്ന പരാതികള്‍ക്കും മുന്തിയ പരിഗണന നല്‍കി പരിഹാരമുണ്ടാക്കാന്‍ ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു.