ആരാധനാലയങ്ങള്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് തുറക്കണം: കെ സുധാകരന്‍

single-img
18 June 2021

സംസ്ഥാനത്ത് മദ്യശാലകള്‍ തുറക്കാന്‍ അനുമതി നല്‍കിയിരിക്കെ ആരാധനായലങ്ങള്‍ അടച്ചിടുകയും ചെയ്യുന്നതിന്റെ യുക്തി എന്താണെന്ന് സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. തദ്ദേശ ടിപിആറിന്റെ അടിസ്ഥാനത്തില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് ആരാധനാലയങ്ങളും ലൈബ്രറികളും സിനിമ തീയേറ്ററുകളും അടക്കമുള്ള പൊതുസംവിധാനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാനുള്ള അനുമതി സര്‍ക്കാര്‍ ഉടന്‍ നല്‍കണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വാരാന്ത്യ ലോക് ഡൗണ്‍ അപ്രായോഗികമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഇപ്പോഴത്തെ അവസ്ഥയില്‍ ജനങ്ങള്‍ സാമ്പത്തികമായും മാനസികമായും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകവേ മദ്യശാലകള്‍ മാത്രം തുറന്ന് കൊടുത്തത് അശാസ്ത്രീയമാണ്. സംസ്ഥാനത്തെ പൊതു ഇടങ്ങള്‍ തുറക്കാനുള്ള സര്‍ക്കാരിന്റെ മാനദണ്ഡം എന്താണെന്ന് വ്യക്തമാക്കണം.

സര്‍ക്കാരിന് വരുമാനമുള്ള സ്ഥാപനങ്ങള്‍ മാത്രം തുറന്ന് പ്രവര്‍ത്തിപ്പിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത് സര്‍ക്കാരിന്റെ മാനദണ്ഡം. ജനങ്ങള്‍ക്ക് പ്രയോജനമുള്ള മിക്ക സ്ഥാപനങ്ങളും അടഞ്ഞ് കിടക്കുകയാണ്. പൊതുഗതാഗത സംവിധാനം തുറന്ന് കൊടുത്തതിലടക്കം സര്‍ക്കാര്‍ സ്വീകരിക്കുന്ന മാനദണ്ഡങ്ങള്‍ അപ്രായോഗികമാണെന്ന് കെ സുധാകരന്‍ പറഞ്ഞു.