ഒരു മണിക്കൂറിലെ നഷ്ടം 73,000 കോടി രൂപ; അദാനിക്ക് ഇല്ലാതാവുന്നത് ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ധനികനെന്ന സ്ഥാനം


ഇന്ത്യയില്‍ ഇപ്പോഴുള്ളതില്‍ ഏറ്റവും വലിയ ധനികരിലൊരാളായ ഗൗതം അദാനിക്ക് ഒരു മണിക്കൂറിൽ നഷ്ടമായത് 73,000 കോടി രൂപ. ഇതോടെ ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ധനികനെന്ന സ്ഥാനം കൂടി അദാനിക്ക് നഷ്ടമാകാനാണ് സാധ്യത. അദാനിയുടെ കീഴിലുള്ള ആറ് കമ്പനികളുടെയും ഓഹരി വില ഇടിഞ്ഞതോടെയാണ് 7700 കോടി ഡോളറിൽ നിന്ന് സമ്പാദ്യം 6300 കോടി ഡോളറായി ഇടിഞ്ഞത്.
അദാനിക്ക് ഇത്തരത്തില്‍ വന്‍ നഷ്ടമുണ്ടായതോടെ ഏഷ്യയിലെ രണ്ടാമത്തെ ധനികനായി മുകേഷ് അംബാനിക്ക് പിന്നിൽ ചൈനീസ് വ്യവസായി ഴോങ് ഷാൻഷാൻ സ്ഥാനം നേടുകയും ചെയ്യും. അദാനിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളിൽ നിക്ഷേപിച്ച വിദേശ കമ്പനികളുടെ അക്കൗണ്ടുകൾ മരവിപ്പിച്ചെന്ന വാർത്ത കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തു വന്നതിനെ തുടർന്നാണ് അദാനിക്ക് ഭീമമായ നഷ്ടമുണ്ടായത്.
ഇത്തരത്തില്‍ ഒരു വാർത്ത പുറത്തുവന്നതിന് പിന്നാലെ ആദ്യ മണിക്കൂറിൽ അദ്ദേഹത്തിന്റെ കമ്പനികളുടെ ഓഹരി വില ഇടിയുകയും 73,000 കോടി രൂപയുടെ(1000 കോടി ഡോളർ) നഷ്ടമുണ്ടാകുകയും ചെയ്തു. പിന്നാലെയുള്ള നാല് ദിവസത്തിനുള്ളിൽ അദ്ദേഹത്തിന്റെ ആസ്തിയിൽ 1400 കോടി ഡോളറിന്റെ(ഏകദേശം ഒരു ലക്ഷംകോടി രൂപ) കുറവ് രേഖപ്പെടുത്തിയതെന്ന് ബ്ലൂംബെർഗ് ബില്ല്യനയേഴ്സ് ഇൻഡക്സ് വ്യക്തമാക്കുന്നു.