സംസ്ഥാനത്ത് ഇനി പ്രാദേശിക നിയന്ത്രണം മാത്രം; മിതമായ രീതിയിൽ പൊതു​ഗതാ​ഗതം; ബാറുകളും ബെവ്കോയും തുറക്കും

single-img
15 June 2021

ജൂൺ 16 ന് ശേഷം കേരളത്തിൽ സമ്പൂര്‍ണ്ണ ലോക്ക്ഡൗൺ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വൈറസ് വ്യാപന നിരക്കിലുണ്ടായ കുറവ് കണക്കിലെടുത്ത് ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുത്താനാണ് തീരുമാനം. 17 മുതൽ മിതമായ രീതിയിൽ പൊതു​ഗതാ​ഗതം അനുവദിക്കുമെന്നും ബാങ്കുകളുടെ പ്രവർത്തനം നിലവിലുള്ളത് പോലെ തിങ്കൾ,ബുധൻ, വെള്ളി ദിവസങ്ങളിലായി തുടരുമെന്നും അദ്ദേഹം അറിയിച്ചു. ഇതോടൊപ്പം ബിവറേജസ് ഔട്ട്ലറ്റുകളും ബാറുകളും തുറക്കും.

അതേസമയം, വിവാ​ഹത്തിനും മരണാനന്തര ചടങ്ങിനും ഇരുപത് പേരെമാത്രമേ അനുവദിക്കുകയുള്ളൂ. മറ്റു ആൾക്കൂട്ടങ്ങളോ പൊതുപരിപാടികളോ അനുവദിക്കില്ല. ബിവറേജസ് ഔട്ട്ലറ്റുകളും ബാറുകളും 9മുതൽ വരെ 7 വരെ ആണ് പ്രവര്‍ത്തിക്കുകയുള്ളൂ. ഇവിടേക്ക് ആപ്പ് വഴി ബുക്ക് ചെയ്താണ് ആളുകൾ എത്തേണ്ടത്.

ഓരോ തദ്ദേശസ്ഥാപനങ്ങളിലും ഏഴ് ദിവസത്തെ ശരാശരി ടിപിആർ എട്ട് ശതമാനത്തിന് താഴെ വന്നാൽ അതിനെ കുറഞ്ഞ വ്യാപനമായി കണക്കാക്കും. എട്ടിനും 20 ശതമാനത്തിനും ഇടയിലാണ് വ്യാപനമെങ്കിലും ഭാഗീക നിയന്ത്രമുണ്ടാവും. 20 ശതമാനത്തിന് മുകളിലാണ് ടിപിആർ എങ്കിൽ അവിടെ അതിതീവ്രവ്യാപനമേഖലയായി കണക്കാക്കി നിയന്ത്രണം ഏർപ്പെടുത്തും. 30 ശതമാന്തതിന് മുകളിലേക്ക് ടിപിആർ വന്നാൽ കർശനനിയന്ത്രണം ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

അതേസമയം, കാ‍ർഷിക-വ്യാവസായ മേഖലയിലെ പ്രവർത്തനങ്ങൾ എല്ലായിടത്തും അനുവദിക്കും. ഈ മേഖലയിലെ തൊഴിലാളികൾക്ക് ​ഗതാ​ഗതം അനുവദിക്കും. രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് എല്ലാ അവശ്യസർവ്വീസ് കേന്ദ്രങ്ങളും തുറക്കാം. അക്ഷയ കേന്ദ്രങ്ങൾ തിങ്കൾ മുതൽ വെള്ളി വരെ പ്രവർത്തിക്കാം. ജൂൺ 17 മുതൽ കേന്ദ്ര-സംസ്ഥാന സർക്കാർ സ്ഥാപനങ്ങളും പൊതുമേഖല സ്ഥാപനങ്ങളും റൊട്ടേഷൻ അടിസ്ഥാനത്തിൽ 25 ശതമാനം ജീവനക്കാരെ വച്ച് പ്രവർത്തിക്കാം. പൊതുപരീക്ഷകൾ അനുവ​ദിക്കും. റെസ്റ്റോറൻ്റുകളിൽ ടേക്ക് എവേയും ഓൺലൈൻ ഡെലിവറിയും തുട‌രും. എല്ലാ ബുധനാഴ്ചയും ആഴ്ചയിലെ തദ്ദേശസ്ഥാപനങ്ങളിലെ അവസാന ഏഴ് ദിവസത്തെ ശരാശരി ടിപിആർ പരിശോധിച്ച്. നിയന്ത്രണങ്ങളിൽ മാറ്റം വരുത്തും. ഇക്കാര്യം ജില്ലാ ഭരണകൂടങ്ങൾ നിർവഹിക്കും.