കാണാതായ ജെസ്‌ന മതപഠന കേന്ദ്രത്തിലുണ്ടെന്ന അഭ്യൂഹം തള്ളി സിബിഐ

single-img
10 June 2021

എരുമേലിക്ക് സമീപം മുക്കൂട്ടുതറയിൽ നിന്ന് കാണാതായ ബി കോം വിദ്യാർത്ഥിനി ജെസ്‌ന മരിയ ജെയിംസ് മതപഠന കേന്ദ്രത്തിലുണ്ടെന്ന രീതിയിൽ പ്രചരിക്കുന്ന ‘അഭ്യൂഹം തള്ളി കേസ് അന്വേഷിക്കുന്ന സിബിഐ. ജെസ്‌നയ്ക്ക് ട്രെയിനിലുള്ള യാത്രകൾ തികച്ചും അപരിചിതമാണ്, മാത്രമല്ല ഒരിക്കലല്ലാതെ ജില്ല വിട്ടുകൾ യാത്രകൾ പോലും നടത്തിയിട്ടില്ല എന്നതും ബോധ്യപ്പെട്ടതായും സിബിഐ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

മലയാളത്തിലെ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ പ്രതികരണത്തിലാണ് പുതിയ അന്വേഷണ സംഘം ആദ്യഘട്ടത്തിൽ തന്നെ ഇക്കാര്യം വ്യക്തമാക്കിയത്.തങ്ങൾ ഈ കേസിന്റെ എല്ലാ വശങ്ങളും പരിശോധിച്ചു വരികയാണെന്നും സംഘം വ്യക്തമാക്കി.

2018 മാർച്ച്‌ 28 ന് രാവിലെയായിരുന്നു കാഞ്ഞിരപ്പള്ളി എസ്ഡി കോളേജ് വിദ്യാർത്ഥിനിയായ മൂക്കുട്ടുതറ സ്വദേശി ജെസ്‌ന മരിയ ജെയിംസിനെ കാണാതായത്. ബന്ധുവീട്ടിലേക്ക് എന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ ജെസ്‌ന എരുമേലി വരെ എത്തിയതായി സാക്ഷിമൊഴിയുണ്ട്. എന്നാൽ അതുകഴിഞ്ഞ് എവിടേക്ക് പോയി എന്ത് സംഭവിച്ചു എന്നത് അജ്ഞാതമാണ്. കേസ് ആദ്യം ലോക്കൽ പോലീസും പിന്നീട് ഐജിയുടെ നേതൃത്വത്തിലുള്ള സംഘവും ക്രൈംബ്രാഞ്ചും അന്വേഷിച്ചിരുന്നു. തെളിവുകളൊന്നും ബാക്കി വയ്ക്കാതെ കാണാതായ ജസ്നയെ എങ്ങനെ കണ്ടെത്താനാകുമെന്ന് അറിയാതെ തിരഞ്ഞ പോ ലീസ് ജസ്നയുടെ വാട്സാപും മൊബൈൽ ഫോണുമൊക്കെ പരിശോധിച്ചിരുന്നു. അസ്വാഭാവികമായി അവയിലൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പിന്നീട് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തു.

ബെംഗളൂരു, മംഗലാപുരം, പൂനെ, ഗോവ, ചെന്നൈ എന്നിവിടങ്ങളിലെല്ലാം പൊലീസ് അന്വേഷണം നടത്തി. നാലായിരത്തിലധികം ഫോൺ കോളുകൾ പരിശോധനയ്ക്ക് വിധേയമാക്കി. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ പൊലീസ് വിവരശേഖരണപ്പെട്ടി സ്ഥാപിച്ചിരുന്നു. വിവരം നൽകുന്നവർക്ക് ഡിജിപി 5 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. സമൂഹമാധ്യമത്തിലൂടെയും ജെസ്നയ്ക്കു വേണ്ടിയുള്ള തിരച്ചിൽ ഊർജിതമായിരുന്നു.എന്നിട്ടും ഫലം കാണാതെ വന്നതിനെ തുടർന്നാണ് അന്വേഷണം സിബിഐയെ ഏൽപ്പിച്ചത്.