മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങളറിയാന്‍ കടലില്‍ ചാടിയ നാടകം;രാഹുല്‍ ഗാന്ധി കേരളത്തില്‍ താമസിച്ച ആഡംബര ഹോട്ടല്‍ മുറിയ്ക്ക് ഇതു വരെ വാടക അടച്ചില്ലെന്ന് റിപ്പോര്‍ട്ട്

single-img
29 May 2021

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊല്ലത്ത് എത്തിയ രാഹുല്‍ഗാന്ധി എംപി താമസിച്ച ആഡംബര ഹോട്ടല്‍ മുറിയുടെ വാടക അടച്ചില്ലെന്ന് റിപ്പോര്‍ട്ട്. കൊല്ലം ബീച്ചിലെ നക്ഷത്ര ഹോട്ടലിലെ സ്യൂട്ടില്‍ ഫെബ്രുവരി 24ന് താമസിച്ച ഇനത്തില്‍ ആറുലക്ഷം രൂപയാണ് നല്‍കാനുള്ളത്. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം വാടകയ്ക്കെടുത്ത ബോട്ടില്‍ മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം രാഹുല്‍ കടലില്‍ ചാടിയത് വലിയ വാര്‍ത്തയായിരുന്നു. മത്സ്യതൊഴിലാളികളുടെ പ്രശ്നം നേരിട്ടറിയാനാണ് കടലില്‍ ചാടിയതെന്നായിരുന്നു കോണ്‍ഗ്രസ് പ്രചാരണം. വാടക അടയ്ക്കാത്ത വാര്‍ത്ത വാര്‍ത്ത പുറത്ത് വിട്ടത് ദേശാഭിമാനിയാണ്.

ഹോട്ടല്‍വാടക നല്‍കാത്തത് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ച ചെയ്തെങ്കിലും പരിഹാരമായില്ല. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, ടി എന്‍ പ്രതാപന്‍ എംപി എന്നിവരുടെ നേതൃത്വത്തിലാണ് അതീവ രഹസ്യമായി രാഹുല്‍ഗാന്ധിയുടെ ‘കടല്‍ചാട്ടം’ ആസൂത്രണം ചെയ്തത്. പരിപാടിയുടെ പേരില്‍ കൊല്ലത്തെ ബോട്ടുടമകളില്‍നിന്നും വ്യവസായികളില്‍നിന്നും വന്‍തോതില്‍ പണം പിരിച്ചു. പണപ്പിരിവിനെക്കുറിച്ച് കോണ്‍ഗ്രസ് മൈനോറിറ്റി സെല്‍ ജില്ലാ സെക്രട്ടറി മുഹമ്മദ് മുബാറക്ക് മുസ്തഫയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് വൈറലായിരുന്നു. ലക്ഷങ്ങള്‍ പിരിച്ചിട്ടും മത്സ്യത്തൊഴിലാളി സംഗമത്തിനായി നിര്‍മിച്ച സ്റ്റേജിനും ഉപയോഗിച്ച മൈക്ക് സെറ്റിനും പണം നല്‍കിയില്ലെന്ന് പോസ്റ്റില്‍ പറയുന്നു.