രണ്ടാം പിണറായി മന്ത്രിസഭ; സത്യപ്രതിജ്ഞ 20 ന്, 5000 പേരെ ഉള്‍ക്കൊള്ളിക്കാവുന്ന സ്ഥലത്ത് 500 പേരെ പങ്കെടുപ്പിക്കുന്നതില്‍ തെറ്റില്ലെന്ന് മുഖ്യമന്ത്രി

single-img
17 May 2021
pinarayi vijayan kerala covid management

രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ച മൂന്നര മണിക്ക് നടക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ 500 പേര്‍ പങ്കാളികളാകും. 50,000 പേര്‍ക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തില്‍ 500 പേരെ മാത്രം പങ്കെടുപ്പിക്കുന്നത് വലിയ സംഖ്യ അല്ലെന്ന് മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കി. കടുത്ത നിയന്ത്രണങ്ങളോടെയാണ് സത്യപ്രതിജ്ഞ ചടങ്ങ് സംഘടിപ്പിക്കുന്നത്.എന്‍ട്രി പാസ് ഉള്ളവര്‍ക്ക് മാത്രമേ സ്റ്റേഡിയത്തില്‍ പ്രവേശനമുണ്ടാകു. 48 മണിക്കൂറിനകം എടുത്ത ആര്ടിപിസിആര്‍ നെഗറ്റിവ് റിസള്‍ട്ടും വേണം. ചടങ്ങില്‍ പങ്കെടുക്കന്നവരെല്ലാം ഡബിള്‍ മാസ്‌ക് ധരിച്ചിരിക്കണം. ചടങ്ങ് കഴിയുന്നത് വരെ ആരും മാസ്‌ക് മാറ്റരുത്. വേദിയില്‍ വെള്ളം, ലഘുഭക്ഷണം പോലുള്ളവയൊന്നും വിതരണം ചെയ്യില്ല.

ജനങ്ങളുടെ ആഘോഷ തിര്‍മിര്‍പ്പിനിടയില്‍ ആണ് സത്യപ്രതിജ്ഞ സാധാരണ ഗതിയില്‍ നടക്കേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ ജനമധ്യത്തില്‍ സത്യപ്രതിജ്ഞ സാധ്യമല്ല. അതുകൊണ്ട് ലഘുവായ നിലയില്‍ സത്യപ്രതിജ്ഞ നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അസാധാരണ സാഹചര്യമാണ് നിലവില്‍ ഉള്ളതെന്നും, അസാധാരണ സാഹചര്യത്തില്‍ അസാധാരണ നടപടികള്‍ വേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.