കൊവിഡ് സമ്മര്‍ദ്ദം ഇല്ലാതാക്കാന്‍ ദിവസവും ഡാര്‍ക്ക് ചോക്ലേറ്റ് കഴിച്ചാല്‍ മതിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി; വിമര്‍ശനവുമായി അന്താരാഷ്‌ട്ര മെഡിക്കല്‍ ജേണല്‍

single-img
10 May 2021

കൊവിഡ് രോഗം വഴിയുള്ള സമ്മര്‍ദ്ദം ഇല്ലാതാക്കാന്‍ എല്ലാവരും ദിവസവും ഡാര്‍ക്ക് ചോക്ലേറ്റ് കഴിച്ചാല്‍ മതിയെന്ന അഭിപ്രായവുമായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ദ്ധന്‍. എന്തായാലും ഈ അഭിപ്രായം വന്ന പിന്നാലെ മന്ത്രിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ആരോഗ്യ വിദഗ്ധര്‍ ഉള്‍പ്പെടെ രംഗത്തെത്തി.മനുഷ്യ ശരീരത്തിലെ രോഗ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും സമ്മര്‍ദ്ദം കുറയ്ക്കാനും കൊക്കോ ധാരാളമായി അടങ്ങിയ ഡാര്‍ക്ക് ചോക്ലേറ്റ് കഴിച്ചാല്‍ മതിയെന്നായിരുന്നു കേന്ദ്ര മന്ത്രി പറഞ്ഞത്.

ഇതോടൊപ്പം തന്നെ വിറ്റാമിനും ധാതുക്കളും വര്‍ദ്ധിപ്പിക്കുന്നതിന് പച്ചക്കറികളും പഴങ്ങളും കഴിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. തൊട്ടുപിന്നാലെ തന്നെ എന്താണ് ഈ അവകാശവാദത്തിന് തെളിവ് എന്ന് ചോദിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ലോക പ്രശസ്ത അന്താരാഷ്‌ട്ര മെഡിക്കല്‍ ജേണലായ ലാന്‍സൈറ്റും കേന്ദ്രമന്ത്രിയുടെ പരാമര്‍ശത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

സോഷ്യല്‍ മീഡിയയില്‍ കേന്ദ്രമന്ത്രിക്കെതിരെ രൂക്ഷമായ പരിഹാസമാണ് ഉയര്‍ന്നത്. നമ്മുടെ സമൂഹത്തില്‍ എത്ര പേര്‍ക്ക് ഡാര്‍ക്ക് ചോക്ലേറ്റ് വാങ്ങി കഴിക്കാന്‍ സാധിക്കും. തെളിവുകള്‍ നിരത്തി വേണം മന്ത്രി സംസാരിക്കാനെന്ന് ചിലര്‍ കമന്റ് ചെയ്തു. അതോടൊപ്പം തന്നെ പൊതുവിതരണ സംവിധാനം, റേഷന്‍ കടകള്‍ മാറ്റി ഇനി അതുവഴി ഡാര്‍ക്ക് ചോക്ലേറ്റ് മാത്രം നല്‍കുമോ എന്നും ചിലര്‍ ചോദിച്ചു.