രണ്ടു മന്ത്രിസ്ഥാനം വേണമെന്ന് കേരളാ കോണ്‍ഗ്രസ് എം; ആവശ്യം അംഗീകരിക്കാനാവില്ലെന്ന് സിപിഐഎം

single-img
10 May 2021

പിണറായി വിജയന്റെ രണ്ടാം മന്ത്രിസഭയില്‍ രണ്ടുമന്ത്രിസ്ഥാനം വേണമെന്ന കേരളാ കോണ്‍ഗ്രസ് എമ്മിന്റെ ആവശ്യം സിപിഐഎം തള്ളി.തിരുവനന്തപുരം എകെജി സെന്ററില്‍ നടന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ ഒരു കാബിനറ്റ് പദവി നല്‍കുന്ന കാര്യം പരിഗണിക്കാമെന്ന് സിപിഐഎം അറിയിച്ചു. എല്‍ജെഡി-ജെഡിഎസ് ലയനമെന്ന ആവശ്യം ഇരുകക്ഷികളുമായുള്ള ഉഭയകകക്ഷി ചര്‍ച്ചയില്‍ സിപിഐഎം ആവര്‍ത്തിച്ചു. അഞ്ച് എംഎല്‍എമാരുള്ള കേരളാ കോണ്‍ഗ്രസ് എം രണ്ടു മന്ത്രിസ്ഥാനം വേണമെന്നാണ് ഉഭയകക്ഷി ചര്‍ച്ചയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ കൂടുതല്‍ ഘടകകക്ഷികള്‍ ഉള്ള സാഹചര്യത്തില്‍ ഒരു മന്ത്രിസ്ഥാനമെന്ന് സിപിഐഎം നിലപാടെടുത്തു. ചീഫ് വിപ്പ് പദവി വിട്ടുനല്‍കാമെന്ന സൂചനയും ചര്‍ച്ചയിലുണ്ടായി. ഉഭയകക്ഷി ചര്‍ച്ച തുടരുമെന്ന് ജോസ് കെ മാണി പ്രതികരിച്ചു. പാലാ ഉള്‍പ്പെടെ ഒരിടത്തും സിപിഐഎം വോട്ട് കിട്ടാതിരുന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ജെഡിഎസും എല്‍ജെഡിയും ലയിച്ച് ഒരു പാര്‍ട്ടിയാകണമെന്നാണ് സിപിഐഎം നിലപാട്. ലയനത്തിലൂടെ വരുന്ന പാര്‍ട്ടിക്ക് ഒരു മന്ത്രിസ്ഥാനം നല്‍കും. എന്നാല്‍ എല്‍ജെഡിയാണ് ലയനത്തിന് തടസം നില്‍ക്കുന്നതെന്ന് ജനതാദള്‍ എസ് നേതാക്കള്‍ സിപിഐഎമ്മിനെ അറിയിച്ചു. ലയനത്തിന് നിയമപരവും സാങ്കേതികവുമായ തടസമുണ്ടെന്ന് എല്‍ജെഡി അറിയിച്ചു. രണ്ട് എം എല്‍ എ മാരുള്ള എന്‍സിപിക്ക് ഒരു മന്ത്രിസ്ഥാനം നല്‍കാന്‍ ഉഭയകക്ഷി ചര്‍ച്ചയില്‍ ധാരണയായി. മുഖ്യമന്ത്രി പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍ എന്നിവരാണ് ചര്‍ച്ചകളില്‍ സിപിഐഎമ്മിനെ പ്രതിനിധീകരിച്ചത്. കേരള കോണ്‍ഗ്രസ് ബി, ഐഎന്‍എല്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ്, കോണ്‍ഗ്രസ് എസ് എന്നിവരുമായുള്ള ചര്‍ച്ച നാളെ നടക്കും.